
ഒറ്റപ്പാലം: പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന 'നേർവഴി ' പദ്ധതിക്ക് തുടക്കമായി. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും, അവരുടെ രക്ഷിതാക്കൾക്കുമായാണ് ഒറ്റപ്പാലം പൊലീസിന്റെ നേതൃത്വത്തിൽ നേർവഴി പദ്ധതി നടപ്പിലാക്കുന്നത്. നിയമം, ട്രാഫിക്, സൈബർ, പോക്‌സോ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, വിവിധ പരിശീലന പരിപാടികൾ, സംവാദങ്ങൾ, അഭിമുഖങ്ങൾ, ലഹരിക്കെതിരായ നാടകങ്ങൾ, ഫ്ളാഷ് മോബ്, റാലികൾ, കൗൺസലിംഗ് തുടങ്ങിയ പരിപാടികൾ പൊലീസിന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്‌കൂളുകളിലും പൊതു ഇടങ്ങളിലും സംഘടിപ്പിക്കും.
പദ്ധതി പ്രഖ്യാപനം അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് കെ.എൽ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി പി.സി.ഹരിദാസൻ അദ്ധ്യക്ഷനായി. സർക്കിൾ ഇൻസ്‌പെക്ടർ എം.സുജിത്, എസ്.ഐ വിനോദ് ബി.നായർ, വേണു പുഞ്ചപ്പാടം, എം.പി.ഗോവിന്ദ രാജൻ, നബീസ, കെ.കൃഷ്ണദാസ്, സ്‌കൂൾ കൗൺസിലർ എലിസബത്ത് എന്നിവർ സംസാരിച്ചു. എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ് ,പൊലീസ് എന്നീ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ട് നടത്തുന്ന നേർവഴി പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് കോർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചു.