
മണ്ണാർക്കാട്: കത്തോലിക്ക കോൺഗ്രസ് അതിജീവന യാത്ര എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണെന്ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നൽകികൊണ്ടിരിക്കുന്ന സംഭാവനകൾ ആ സമുദായത്തിന്റെ മാത്രമല്ല മറിച്ച് നാടിന്റെ വികസന ചരിത്രമാണ്. ക്രൈസ്തവ സമുദായ ശാക്തീകരണവും രാജ്യത്തിന്റെ വികസനവും കത്തോലിക്ക കോൺഗ്രസിന്റെ ലക്ഷ്യമാണ്. നവകേരള സദസ് ഒരു പുനരുദ്ധാരണ യാത്രയാണെന്ന് തോന്നുന്നില്ല. മറിച്ച് കേരള സംസ്ഥാനം എങ്ങനെയിരിക്കുന്നു എന്ന് കാണാനുള്ള ചിലരുടെ യാത്ര മാത്രമാണിത്. ഏതെങ്കിലും പ്രത്യേക സമുദായത്തിലെ മനുഷ്യർ മാത്രം ഉൾപ്പെട്ടവരല്ല കർഷകരെന്നും കർഷകരുടെ വേദന പൊതുസമൂഹത്തിന്റെ വേദനയാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കാസർകോട് നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തുന്ന അതിജീവന യാത്രയ്ക്ക് മണ്ണാർക്കാട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി അദ്ധ്യക്ഷനായി. രൂപത ഡയറക്ടർ റവ.ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രാഫ. ജോസുകുട്ടി ജെ.ഒഴുകയിൽ വിഷയാവതരണം നടത്തി. ജാഥാ ക്യാപ്റ്റനായ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം മറുപടി പ്രസംഗം നടത്തി.