
പാലക്കാട്: മലമ്പുഴ ധോണിയിൽ പുലിയുടെ കാൽപ്പാടുകള്‍ കണ്ടെത്തി. ചേറ്റിൽ വെട്ടിയ ഭഗവതിക്ഷേത്രത്തിന് സമീപം ഷംസുദ്ദീന്റെ വീട്ടുവളപ്പിലാണ് പുലിയുടെ കാൽപാടുകൾ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം. ഷംസുദ്ദീന്റെ വീടിനു പുറത്ത് നായയുടെ കുര കേട്ടു. കാട്ടാന ശല്യമുള്ളതിനാൽ പുറത്തേക്ക് ഇറങ്ങിയില്ല. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ നായയെ കണ്ടില്ല. പുലിയുടെ സാമ്യമുള്ള കാൽപ്പാടുകളും കണ്ടെത്തി. സമീപത്ത് നായയെ വലിച്ചുകൊണ്ടുപോയതിന്റെ പാടുകളും ഉണ്ടായിരുന്നു. ഷംസുദ്ദീൻ ഉടനെ ആർ.ആർ.ടിയെ വിളിച്ചറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ പുലിയുടേതു തന്നെയെന്ന് സ്ഥിരീകരിച്ചു. സമീപത്തു നിന്നു നായയുടെ ജഡം കണ്ടെത്തി. ശരീരം കടിച്ചുപറിച്ച നിലയിലാണ്.
ഈ പ്രദേശത്ത് മാനുകൾ കൂടുതലുള്ളതിനാൽ പുലി വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നു. പുലിയെ കണ്ടസഹാചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചു. പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.