പാലക്കാട്: മുതുതല പഞ്ചായത്തിലെ വൃദ്ധരായ 76 പേർക്ക് ട്രെയിനിൽ നിലമ്പൂരിലേക്ക് സ്നേഹയാത്രയ്ക്ക് അവസരമൊരുക്കി റെയിൽവേ ജനമൈത്രി പൊലീസ്. ഇതിൽ അഞ്ചുപേർ ആദ്യമായാണ് ട്രെയിനിൽ കയറുന്നത്.
ഇന്നലെ രാവിലെ ഷൊർണൂരിൽ പൊലീസിന്റെ സ്‌നേഹോഷ്മളമായ ചായ സത്കാരത്തിന് ശേഷം വിനോദയാത്ര ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു.
നിലമ്പൂരിലെ ജനകീയ ഹോട്ടലിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. തേക്ക് മ്യൂസിയമടക്കം ചരിത്രമുറങ്ങുന്ന നിലമ്പൂരിനെ അടുത്തറിഞ്ഞ് ഇവർ മടങ്ങി.
റെയിൽവേ പൊലീസ് എസ്.ഐ.മാരായ ബാബു, അനിൽ മാത്യു, എം.എസ്.ജയപ്രകാശൻ, എ.എസ്.ഐ എം.സുപ്രഭ, സി.പി.ഒ.മാരായ വി.ബി.സുബീഷ്, ഷൊർണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ ശശിധർ തുടങ്ങിയവർ യാത്രയ്ക്ക് വേണ്ട സഹായമേകി.
യാത്രയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.മുകേഷ്, സ്ഥിരസമിതി അദ്ധ്യക്ഷ എം.സുബൈദ, ഓവർസിയർ മുജീബ് എന്നിവർ നേതൃത്വം നൽകി.