
പാലക്കാട്: കഴിഞ്ഞ രണ്ടാംവിളയിൽ സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വായ്പയായി വേണ്ടെന്ന നിലപാട് സ്വീകരിച്ച കർഷകർക്ക് നെല്ലളന്ന തുക ലഭ്യമാക്കാൻ സപ്ലൈകോ നടപടികൾ ആരംഭിച്ചു. ഇത്തരം കർഷകരുടെ പട്ടിക ബാങ്കുകളിൽ നിന്നു സപ്ലൈകോ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു തുക ലഭ്യമാക്കാനാണ് ആലോചന. ജില്ലയിൽ 1600 കൃഷിക്കാർക്കായി ഏകദേശം 1.6 കോടി രൂപയാണു നൽകാനുള്ളത്. കഴിഞ്ഞ രണ്ടാംവിളയുടെ വില വിതരണം നവംബർ 10ന് അവസാനിപ്പിച്ചിരുന്നു.
അപ്പോഴും പി.ആർ.എസ് വായ്പയായി നെല്ലിന്റെ വില വേണ്ടെന്നു നിലപാടെടുത്ത കൃഷിക്കാരുടെ കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല. നെല്ലുവിലയ്ക്കായി ഒട്ടേറെ കൃഷിക്കാർ ഇപ്പോഴും സപ്ലൈകോ ഓഫീസിലെത്തുന്നുണ്ട്. ഇവർക്കുള്ള വില നൽകാൻ സപ്ലൈകോ തുക വകയിരുത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ അക്കൗണ്ടിലേക്കു തുക ലഭ്യമാക്കും. വിവിധ കാരണങ്ങളാൽ തുക കിട്ടാത്തവർക്കും വില ലഭ്യമാക്കാൻ സപ്ലൈകോ ശ്രമം തുടങ്ങിയിട്ടുണ്ട്.