
പറളി: തേനൂർ വട്ടപ്പള്ളം റെയിൽവേ അടിപ്പാത ഏപ്രിലിൽ പൂർത്തിയാകും. അടിപ്പാലത്തിനാവശ്യമായ മൂന്നു കോൺക്രീറ്റ് ബോക്സുകളുടെയും നിർമ്മാണം പൂർത്തിയായി. ഈ ബോക്സുകൾ റെയിൽപ്പാതയ്ക്ക് കീഴിൽ ഉറപ്പിക്കുന്ന പണി മാത്രമാണ് ബാക്കിയുള്ളത്. മണ്ണിൽ ജലാംശം കൂടുതലുള്ളതിനാൽ സമീപമുള്ള നെൽപ്പാടങ്ങളിലെ രണ്ടാംവിള കൊയ്ത്ത് കഴിഞ്ഞാലേ ഈ പണിയുണ്ടാകൂ.
ഇതിനായി വരുന്ന മാർച്ച് വരെ കാത്തിരിക്കേണ്ടി വരും. റെയിൽപ്പാതയുടെ അടിഭാഗം തുരന്ന് താത്കാലിക പാലം നിർമ്മിച്ചാണ് നിർദിഷ്ട അടിപ്പാതയ്ക്കായി നിർമ്മിച്ച കോൺക്രീറ്റ് ബോക്സുകൾ സ്ഥാപിക്കുക. തുടർച്ചയായി തീവണ്ടികൾ കടന്നുപോകുന്ന തിരക്കേറിയ ഈ പാത തുരക്കുന്നതിന് സാങ്കേതികാനുമതി ആവശ്യമായി വരും. ഇവ ലഭിക്കുന്ന മുറയ്ക്ക് ഏപ്രിലിൽ പണി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ പറഞ്ഞു.
റെയിൽവേ പാതയ്ക്കും ഭാരതപ്പുഴയ്ക്കും ഇടയിലെ വട്ടപ്പള്ളം, പുല്ലേപ്പറമ്പ് നിവാസികളുടെ ഏകയാത്രാ മാർഗമായ ഈ പാത നടപ്പാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. രോഗികളെയും ഗർഭിണികളെയും കസേരയിൽ ചുമന്ന് റെയിൽപ്പാത കടത്തിയാണ് ആശുപത്രിയിലെത്തിക്കുന്നത്.
4.5 മീറ്റർ വീതിയും 3.66 മീറ്റർ ഉയരവും 24 മീറ്റർ നീളവുമാണ് അടിപ്പാതയ്ക്കുള്ളത്. പദ്ധതി തുകയായ 3.46 കോടി 2013, 2021 വർഷങ്ങളിലായി സംസ്ഥാന സർക്കാർ റെയിൽവേയ്ക്ക് കൈമാറിയിരുന്നു. 2022 ആഗസ്റ്റിൽ കരാറായ പദ്ധതി 2023 മേയിലാണ് നിർമ്മാണം ആരംഭിച്ചത്.
അനുബന്ധ പാതയ്ക്കായി നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് സ്വന്തം ചെലവിൽ 300 മീറ്റർ നീളത്തിൽ ഒമ്പത് സെന്റ് സ്ഥലം വാങ്ങി പറളി പഞ്ചായത്തിന് കൈമാറിയിരുന്നു. കോങ്ങാട് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അനുബന്ധ പാതയ്ക്കാവശ്യമായ പദ്ധതി തയ്യാറാക്കിയിട്ടുള്ളതാണ്.
40 ലക്ഷം വകയിരുത്തി
അനുബന്ധ പാതയ്ക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അടിപ്പാത നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് അനുബന്ധ പാതയുടെ നിർമ്മാണം നടത്തും.
-കെ.ശാന്തകുമാരി, എം.എൽ.എ.