
പാലക്കാട്: അവശ്യ സാധനങ്ങൾക്ക് പിടിച്ചാൽക്കിട്ടാത്ത വിലയായതോടെ വീട്ടിൽ അടുപ്പ് പുകയണമെങ്കിൽ കീശ കാലിയാക്കേണ്ട അവസ്ഥയിലാണ്. പച്ചക്കറി, കോഴി, ബീഫ്, മീൻ തുടങ്ങിയ എല്ലാ സാധനങ്ങൾക്കും വില റോക്കറ്റുപോലെയാണ് കുതിക്കുന്നത്. ഇതോടെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കുടുംബ ബഡ്ജറ്റ് താളംതെറ്റി.
വരുമാനവും ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് സാധാരണക്കാർ. 20 മുതൽ 50 രൂപയുടെ വരെ ഇടയിൽ നിന്നിരുന്ന പച്ചക്കറികളിൽ പലതിന്റെയും വില സെഞ്ചുറി കടന്ന് കുതിക്കുകയാണ്. വെളുത്തുള്ളിയും ഇഞ്ചിയുമാണ് ആഴ്ചകളായി 100ന് മുകളിലെത്തി നിൽക്കുന്നത്. ഒരു കിലോ വെളുത്തുള്ളിയുടെ വില പലയിടത്തും 280 വരെയെത്തി. ഇഞ്ചിയുടെ വിലയും 100ന് മുകളിലാണ്. വെണ്ട, വഴുതന, ബീൻസ്, പച്ചമുളക് എന്നിവക്കും ഇരട്ടി വിലയായി. പച്ചമുളകിന് 50 മുതൽ 60 വരെ നൽകണം.
പറപറന്ന് ഇറച്ചി വില
കോഴി ഇറച്ചിക്ക് 190 മുതൽ 200 വരെ വിലയെത്തിയിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ അൽപം കുറഞ്ഞത് വലിയ ആശ്വാസമാണ് നൽകുന്നത്. പക്ഷേ, ക്രിസ്മസ് അടുത്തതോടെ മാംസ വില ഉയരുമെന്നാണ് സൂചന. ബീഫിനും വില വർദ്ധിച്ചു. കിലോയ്ക്ക് 320 ഉണ്ടായിരുന്നത് ഇപ്പോൾ 340 വരെയായി. മീനിനും വിലകൂടി. അയല, മത്തി തുടങ്ങിയവ 150ന് മുകളിലാണ് വില.
ഹോട്ടൽ ബില്ലും കൂടി
കോഴിയിറച്ചിക്കും ബീഫിനും വില കൂടിയതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ ചില ഹോട്ടലുകൾ നോൺവെജ് വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചിട്ടുണ്ട്. മീൻ വിഭവങ്ങൾക്കും സമാനമായ രീതിയിൽ വില വർദ്ധനയുണ്ട്.