
പാലക്കാട്: ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിൽ പാർട്ടിക്കകത്തെ പൊട്ടലും ചീറ്റലും മറനീക്കി, മുതിർന്ന നേതാവ് കെ.ഇ.ഇസ്‌മായിലിന്റെ പരസ്യ വിമർശനം.
ബിനോയ് വിശ്വത്തെ ധൃതി പിടിച്ച് നിയമിക്കേണ്ടിയിരുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിന്തുടർച്ചാവകാശമില്ലെന്നും അദ്ദേഹം ഇന്നലെ മാദ്ധ്യമങ്ങളോട് തുറന്നടിച്ചു. കീഴ്‌വഴക്കം ലംഘിച്ചെന്ന സംശയം പാർട്ടിക്കാർക്കും വ്യക്തിപരമായി തനിക്കുമുണ്ട്. ബിനോയ് വിശ്വം കഴിവുകെട്ടവനാണെന്നോ അയോഗ്യനാണെന്നോ അഭിപ്രായമില്ല. ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു. വളരെ നല്ല സെക്രട്ടറിയാകുമെന്നാണ് പ്രതീക്ഷ. കാര്യശേഷിയും കർമ്മശേഷിയും ഫലപ്രദമായി വിനിയോഗിച്ചാൽ പ്രസ്ഥാനത്തിൽ എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുമെന്നാണു കരുതുന്നത്.
കാനം രാജേന്ദ്രന്റെ കത്ത് ഞങ്ങൾ ആരും കണ്ടിട്ടില്ല. ചികിത്സയിലിരിക്കെയാണ് അദ്ദേഹം കത്ത് കൊടുത്തതെന്നാണു പറയുന്നത്. ചികിത്സ കഴിഞ്ഞ് അദ്ദേഹം കർമ്മനിരതനാകുമെന്ന ശുഭപ്രതീക്ഷയായിരുന്നു എല്ലാവർക്കും. പെട്ടെന്നാണു സ്ഥിതി മാറിമറിഞ്ഞത്. ഇതിനിടയിൽ സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ട അടിയന്തര ആവശ്യമുണ്ടായിരുന്നില്ല. ബിനോയ് വിശ്വം മികച്ച സഖാവാണ്. നല്ല സംഘാടകനാണ് എന്നാൽ, ദേശീയ നേതൃത്വം ചർച്ചകൾക്കു ശേഷം സെക്രട്ടറിയെ നിയമിച്ചാൽ മതിയായിരുന്നുവെന്നും കെ.ഇ.ഇസ്മായിൽ പറഞ്ഞു.
നേതൃത്വം ഏറ്റെടുക്കാൻ പാർട്ടിയിൽ ഒരുപാട് നേതാക്കൾ ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരിൽ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാൻ സി.പി.ഐ തീരുമാനിക്കുകയായിരുന്നു. പ്രകാശ് ബാബുവും സത്യൻ മൊകേരിയും ഉൾപ്പെടെ പലരെയും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞുകേട്ടിരുന്നു. മരിക്കും മുമ്പ് കാനം രാജേന്ദ്രൻ കേന്ദ്രനേതൃത്വത്തിനു മുന്നിൽ വച്ച നിർദേശമാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നുമാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കാനാണ് നിർദ്ദേശിച്ചത്.
കെ. ഇ അങ്ങനെ പറയുമെന്ന് വിശ്വസിക്കുന്നില്ല. അത്രയും അനുഭവസമ്പത്തുള്ള നേതാക്കൾക്ക് പാർട്ടി സംഘടനാ കാര്യങ്ങൾ എവിടെ പറയണമെന്നറിയാം
- ബിനോയ് വിശ്വം
സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് തുടങ്ങി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടക്കം ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സി.പി.ഐയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ് യോഗം ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാമുന്നണി കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. പാർലമെന്റ് സുരക്ഷാ വീഴ്ച, കേന്ദ്ര സർക്കാർ നയങ്ങൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്ത യോഗം സംസ്ഥാന സെക്രട്ടറി കാന രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.