f

പാലക്കാട്: പുലർച്ചെ മഞ്ഞ്, പകൽ ചൂട്, വൈകിട്ട് മഴ... ഇടകലർന്ന കാലാവസ്ഥയിൽ പനിച്ച് വിറയ്ക്കുകയാണ് ജില്ല. കഴിഞ്ഞ രണ്ടാഴ്ചയായി ഡെങ്കി, എലിപ്പനി രോഗ ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം കുത്തനെ ഉയർന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 298 പേരാണ് ആകെ ഡെങ്കി ലക്ഷണവുമായി ചികിത്സ തേടിയത്. ഇതിൽ 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. 248 പേർ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഈ കാലയളവിൽ എലിപ്പനി ലക്ഷണങ്ങളോടെ 16 പേരാണ് ചികിത്സ തേടിയത്. ഇതിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു.

ഈ മാസം തുടക്കത്തിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി മഴയെത്തിയതോടെ വീണ്ടും വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രതിദിനം ശരാശരി 714 പേരാണ് വിവിധ ആശുപത്രികളിലായി പനിക്ക് ചികിത്സ തേടിയത്, ആകെ 10,000 പനി ബാധിതർ ഈ കാലയളവിൽ ചികിത്സ തേടി. രണ്ടുപേർക്ക് മഷ്തിഷ്‌ക ജ്വരവും ഒന്നുവീതം ചെള്ളുപനിയും എച്ച്1 എൻ1 രോഗബാധയും റിപ്പോർട്ട് ചെയ്തു.

ജാഗ്രത കൈവിടരുത്

മഴവെള്ളം കുഴികളിലും മറ്റും കെട്ടിക്കിടക്കുന്നത് മൂലം ഡെങ്കി ഉൾപ്പെടെയുള്ള കൊതുക് പെരുകുന്നതും എലികൾക്ക് വളരാനുതകുന്ന മലിനമായ സാഹര്യവുമാണ് പകർച്ചവ്യാധി വ്യാപിക്കാൻ കാരണം. അതിനാൽ വീടും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതോടൊപ്പം ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവ അടച്ച് സൂക്ഷിക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.