farm

നെല്ലിയാമ്പതി: തോട്ടം തൊഴിലാളികളുടെ വരുമാനം ഉയർത്തുന്നതിനായി തുടങ്ങിയ ഡെയറി ഫാം പദ്ധതി പാതിവഴിയിൽ.പദ്ധതിയുടെ ഭാഗമായി ആറുവർഷം മുമ്പ് നെല്ലിയാമ്പതി പഞ്ചായത്തിൽ നിർമ്മിച്ച കെട്ടിടം കാടുകയറി നശിക്കുകയാണ്.

സ്വകാര്യ എസ്റ്റേറ്റിൽ നിന്ന് വിട്ടുകിട്ടിയ സ്ഥലത്ത് 50ലധികം പശുക്കളെ വളർത്താൻ കഴിയുന്ന രീതിയിൽ 30 ലക്ഷം രൂപ ചെലവഴിച്ചാണ് പശുക്കളെ കെട്ടിയിടുന്നതിന് സൗകര്യത്തോടെ ഷീറ്റിട്ട കെട്ടിടം നിർമ്മിച്ചത്.

തോട്ടം തൊഴിലാളികളുടെ പാടികളോട് ചേർന്ന് പശുക്കളെ വളർത്താൻ സൗകര്യമില്ലാത്തതിനാൽ ഇവയെ ഒരു ഭാഗത്തു നിർത്തി വളർത്തി, പാൽ തൊട്ടടുത്ത ക്ഷീരസംഘത്തിലേക്ക് നൽകാനായിരുന്നു പദ്ധതി. നിർമ്മാണം പൂർത്തിയാക്കിയെങ്കിലും വൃത്തിയാക്കുന്നതിനും പശുക്കൾക്ക് നൽകുന്നതിനും വെള്ളത്തിന്റെ സൗകര്യമൊരുക്കാൻ കഴിയാതെ വന്നതോടെ പദ്ധതി പാതിവഴിയിലായി. ഇതിനിടെ പ്രദേശവാസികൾ പശുക്കളെ ഇവിടെ കെട്ടിയിട്ടുതുടങ്ങുകയും ചെയ്തു.വർഷങ്ങൾ കഴിഞ്ഞതോടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് നിലം തകർന്ന് പശുക്കൾക്ക് കിടക്കാൻ കഴിയാത്ത സ്ഥിതിയിലായി.ഡെയറി ഫാം അറ്റകുറ്റപ്പണികൾ നടത്തി തോട്ടം തൊഴിലാളികളുടെ പശുക്കളെ വളർത്താൻ കഴിയുന്ന രീതിയിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.