പട്ടാമ്പി: ഗവ.സംസ്കൃത കോളേജിലെ എൻ.സി.സി സീനിയർ അണ്ടർ ഓഫീസർ പി.അശ്വിൻ ശങ്കറും അണ്ടർ ഓഫീസർ പി.ബിജിത ബാബുവും ലക്ഷദ്വീപിലേക്ക്. ഡിസംബർ 22 മുതൽ ജനവരി രണ്ടുവരെ കവറത്തിയിൽ നടക്കുന്ന എൻ.സി.സി സ്പെഷ്യൽ നാഷണൽ ഇന്റിഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാനാണ് ഇരുവർക്കും അവസരം ലഭിച്ചത്.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമായി 200 പേരാണ് ക്യാമ്പിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷം ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന സെലക്ഷൻ പ്രകിയയിൽ 28 കേരള ബറ്റാലിയനിൽ നിന്ന് ഇവർ രണ്ടുപേർ മാത്രമാണ് ഈ സുപ്രധാന ദേശീയ ക്യാമ്പിന് തെരെഞ്ഞെടുക്കപ്പെട്ടത്. ബി.ബി.എ മൂന്നാം വർഷ വിദ്യാർത്ഥിയും വെള്ളിനഴി കുറ്റാനശേരി നെടുമ്പറമ്പത്ത് മണികണ്ഠൻ- പ്രമീള ദമ്പതികളുടെ മകനുമാണ് അശ്വിൻ ശങ്കർ. ബി.കോം അവസാന വർഷ വിദ്യാർത്ഥിനിയും കുമരനല്ലൂർ പുല്ലംകണ്ടത്ത് ബാബു- സജിദ ദമ്പതികളുടെ മകളുമാണ് ബിജിത ബാബു. ശ്രദ്ധേയമായ നേട്ടം കൈവരിച്ച കേഡറ്റുകളെ പ്രിൻസിപ്പൽ സി ഡി ദിലീപ്, അസോസയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു എന്നിവർ അനുമോദിച്ചു.