
പാലക്കാട്: കഞ്ചിക്കോട് കിഴക്കേത്തറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 3 വയസുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. സേലം ആത്തൂർ അമ്മൻ പാളയം സെന്തിൽകുമാറിനെയാണ് പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ശനിയാഴ്ച വൈകീട്ടാണ് സെന്തിൽ കുമാർ ചോക്ലേറ്റ് നൽകി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഓട്ടോയിൽ കുട്ടിയെ കൊണ്ട് പോകുന്നതിനിടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടി പൊലിസിനെ ഏൽപ്പിച്ചത്.മദ്യ ലഹരിയിലായിരുന്ന ഇയാൾ കുട്ടിയെ തമിഴ്നാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നതായി സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന് വാളയാർ ഇൻസ്‌പെക്ടർ എ.ആദംഖാൻ പറഞ്ഞു.
നിർണായകമായത് ഓട്ടോ
ഡ്രൈവറുടെ ഇടപെടൽ
തമിഴ്നാട് സ്വദേശി തട്ടിക്കൊണ്ടു പോയ കുട്ടിയുടെ രക്ഷകരായത് ഓട്ടോ ഡ്രൈവറും നാട്ടുകാരും. ഇവരുടെ സമയോചിത ഇടപെടലിലാണ് ദുരന്തം ഒഴിവായത്. തമിഴ് സംസാരിക്കുന്നയാൾക്കൊപ്പം, യു.പി സ്വദേശികളായ അന്യസംസ്ഥാന തൊഴിലാളികളുടെ മകനെ കണ്ടതോടെ ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നി. ഇന്നലെ ആഴ്ച ചന്തയായിരുന്നതിനാൽ വലിയ തിരക്കായിരുന്നു കഞ്ചിക്കോട്. കരയാതെയാണ് ഇയാൾക്കൊപ്പം കുട്ടി ഓട്ടോയിൽ കയറിയത്. അതിനാൽ ആദ്യം അയൽവാസിയുടെ കുട്ടിയാകാമെന്നു ധരിച്ചു. കുട്ടിയുടെ കൈയിൽ ചോക്ലേറ്റുണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ കയറിയ ഉടൻ പെട്രോൾ പമ്പിലേക്കും പിന്നീട് ഇതിനു തൊട്ടടുത്തുള്ള കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലേക്കുമാണ് പോകാൻ പറഞ്ഞത്. ഇതോടെ സംശയം ഇരട്ടിച്ചു. തുടർന്ന് ഡ്രൈവർ ഓട്ടോറിക്ഷ നിറുത്തി സമീപത്തുണ്ടായിരുന്ന മറ്റ് ഓട്ടോറിക്ഷക്കാരെയും നാട്ടുകാരെയും വിളിച്ചു കൂട്ടി. നാട്ടുകാർ വളഞ്ഞു ചോദ്യം ചെയ്തു തുടങ്ങിയതോടെ ഇയാൾ ഇവിടെ നിന്നു പോകാൻ ശ്രമിച്ചു. ഇതോടെ പിടിച്ചു വച്ച് പൊലീസിനെ അറിയിച്ചു. പൊലീസെത്തി നടത്തിയ അന്വേഷണത്തിനിടെയാണ് കുട്ടിയെ കാണാതായ വിവരം രക്ഷിതാക്കൾ അറിഞ്ഞത്. ഇവരുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ മുൻപു പല തവണ കോളനി പരിസരത്ത് കണ്ടിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി.
അമ്മ വഴക്ക് പറഞ്ഞതിന്
വീടുവിട്ട വിദ്യാർത്ഥിയെ
കണ്ടെത്തി
കോട്ടയം : ജന്മദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോയി ഭക്ഷണം കഴിച്ചതിന് അമ്മ ശകാരിച്ചതിന് വീട് വിട്ടുപോയ വിദ്യാർത്ഥിയെ കണ്ടെത്തി. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കേക്ക് നൽകാനെന്ന് പറഞ്ഞ് അയൽപക്കത്തെ വീട്ടിലേക്ക്
പോയ വൈക്കം സ്വദേശിയായ ഏഴാം ക്ലാസുകാരനെയാണ് കാണാതായത്.
ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്നാണ് നാട്ടുകാരും ബന്ധുക്കളും അന്വേഷണം ആരംഭിച്ചത്. തുടർന്ന് വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സോഷ്യൽ മീഡിയകളിലും വാർത്ത പ്രചരിച്ചു. വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര റോഡിൽ സൈക്കിളിൽ വിദ്യാർത്ഥി പോകുന്നതായി സമീപത്തെ സ്വകാര്യ ഫാമിലെ സി.സി.ടി.വി ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു. രാത്രി 12 ഓടെ കോതനല്ലൂരിന് സമീപത്ത് കുട്ടിയെ കണ്ടയാൾ ബന്ധുക്കളെയും കടുത്തുരുത്തി പൊലീസിലും വിവരമറിയിച്ചു. തുടർന്ന് പൊലീസും വീട്ടുകാരുമെത്തി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.