adakka-market
ചാലിശേരി അടയ്ക്ക മാർക്കറ്റിന് സമീപം പൈപ്പ് നന്നാക്കാൻ നി‌ർമ്മിച്ച കുഴി ഒരു മാസമായിട്ടും അടയ്ക്കാത്ത നിലയിൽ.

പട്ടാമ്പി: വാഹനാപകടം ക്ഷണിച്ചുവരുത്താനായി ജല അതോറിറ്റി കുത്തിപ്പൊളിച്ച റോഡിലെ കുഴി ഒരു മാസത്തോളമായി തുറന്ന് കിടക്കുന്നു. പൈപ്പ് ചോർച്ച തടയാനായി എത്ര നല്ല പാതയായാലും റോഡിനിൽ എത്ര വലിയ കുഴികൾ ഉണ്ടാക്കുന്നതിനും കുത്തിപ്പൊളിക്കുന്നതിനും ജല അതോറിറ്റിക്കും അതിലെ കരാർ തൊഴിലാളികൾക്കും വലിയ താത്പര്യമാണ്. എന്നാൽ കുത്തിപ്പൊളിക്കുന്ന കുഴികൾ അടക്കണമെങ്കിൽ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും വേണം.

ചാലിശേരി ഹൈസ്കൂൾ റോഡിൽ അടയ്ക്കാ മാർക്കറ്റിന് സമീപമാണ് ചോർച്ച അടയ്ക്കാനായി നിർമ്മിച്ച കുഴി ഒരു മാസത്തോളമായി അടയ്ക്കാതെ കിടക്കുന്നത്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ കുഴികൾ അടയ്ക്കാതെ വേറെയും സ്ഥലങ്ങളുണ്ട്. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾക്കോ യാത്രക്കാർക്കോ യാതൊരു വിധ മുന്നറിയിപ്പുമില്ല.

കുഴികൾ മൂടാതെ കിടക്കുന്ന സ്ഥലത്ത് ചുവന്ന റിബ്ബനും തെങ്ങോലയും മറച്ചു വെച്ചിട്ടുണ്ടെങ്കിലും രാത്രിയിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാദ്ധ്യതയേറെ. വാട്ടർ അതോറിറ്റി ഓഫീസിന് മുൻഭാഗത്തും ഇതുപോലുള്ള കുഴി മൂടാതെ കിടക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നു. ഒരു മാസത്തോളം തുറന്ന് കിടന്ന കുഴികൾ എത്രയും വേഗത്തിൽ അടക്കുന്നതിനും പൊളിച്ചിട്ട റോഡ് നേരെയാക്കുന്നതിനും ആവശ്യമായ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിദ്യാർത്ഥികൾക്ക് വഴി നടക്കേണ്ടേ...

വളവോടുകൂടിയുള്ള ഇവിടെ ഇരുവശത്ത് നിന്ന് വാഹനങ്ങൾ വരുമ്പോൾ സ്‌കൂൾ വിദ്യാർത്ഥികൾ, കാൽനട യാത്രക്കാർ, ബൈക്ക് യാത്രക്കാർ തുടങ്ങിയവർ ഏറെ സാഹസികമായാണ് കടന്നുപോകുന്നത്. രാവിലെയും വൈകിട്ടും നിരവധി വിദ്യാർത്ഥികൾ നടന്നുപോകുന്ന വഴിയാണിത്.

കഴിഞ്ഞ ദിവസം കാൽനട യാത്രക്കാരൻ കുഴിയിൽ വീണിരുന്നു. അപകട ഭീഷണിയായ കുഴി ഉടൻ അടച്ചില്ലെങ്കിൽ പൊതുമാരമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.