suppl

പാലക്കാട്: പൊതുവിപണിയിൽ അവശ്യ വസ്തുക്കൾക്ക് വില കുതിച്ചുയരുമ്പോഴും സപ്ലൈകോകൾ നോക്കുകുത്തിയാവുന്നു. ഔട്ട്‌ലെറ്റുകളിൽ സബ്സിഡി സാധനങ്ങളില്ലാത്തതിനാലാണ് സാധാരണക്കാർ സപ്ലൈകോയെ കൈയൊഴിയുന്നത്. ഇതിനു പുറമെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടാനുള്ള തീരുമാനം കൂടി വന്നതോടെ സ്ഥിതി കൂടുതൽ പ്രതിസന്ധിയിലായി.

നിലവിൽ സപ്ലൈകോ, മാവേലി സ്റ്റോറുകൾ വഴി അരിയടക്കം 13 ഇനം സാധനങ്ങളാണ് സബ്സിഡിയായി നൽകുന്നത്. ഒരു റേഷൻ കാർഡിന് പ്രതിമാസം 10 കിലോ അരി 25 രൂപ നിരക്കിൽ നൽകുന്നതിന് പുറമെ ഉഴുന്ന്, പരിപ്പ്, പഞ്ചസാര, വെള്ളപ്പയർ തുടങ്ങിയവയാണ് സബ്സിഡിയായി നൽകുന്നത്. ഇതിൽ പഞ്ചസാരക്ക് 23 രൂപയും ഉഴുന്നിന് 73 രൂപയും ഉണക്ക മുളകിന് 92 രൂപയുമാണെന്നിരിക്കെ ഇതിനാണ് ആവശ്യക്കാരേറെ.

ജില്ലയിൽ സപ്ലൈക്കോയ്ക്ക് കീഴിൽ 104 വിൽപ്പനശാലകളാണുള്ളത്. ഇതിൽ മൂന്ന് സപ്ലൈകോ പീപ്പിൾ ബസാറുകളുമുണ്ട്. ഇതിനുപുറമെ 26 സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും 11 സൂപ്പർ സ്റ്റോറുകളും ഗ്രാമീണ മേഖലകളിൽ 64 മാവേലി സ്റ്റോറുകളാണുമുള്ളത്. സംസ്ഥാനത്ത് 2016ലാണ് അവസാനമായി സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടിയതെങ്കിലും കൊവിഡ് കാലത്തിന് ശേഷം നേരിയ വിലവർദ്ധനവുണ്ടായിട്ടുണ്ട്.

നിലവിൽ വില കൂട്ടാതിരിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഉഴുന്നിന് 80 രൂപയും മുളകിന് 360 രൂപയുമാണ് പൊതുവിപണിയിലെ വില. സപ്ലൈകോയിൽ 48 രൂപയുടെ അരകിലോ മുളകും 73 രൂപയുടെ ഉഴുന്നും കിട്ടാക്കനിയാണ്. മാത്രമല്ല 25 രൂപയ്ക്ക് നൽകുന്ന ജയ, കുറുവ, മട്ട അരിയും പലപ്പോഴും സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുക. സബ്സിഡി സാധനങ്ങളുമെല്ലാം പൂർണ്ണമായും നിലച്ച മട്ടാണ് കടല, വെള്ളപ്പയർ, ചെറുപയർ എന്നിവയ്ക്കും സബ്സിഡിയുണ്ടെങ്കിലും ഇതൊന്നും മിക്ക ഔട്ട്‌ലെറ്റുകളിലും ലഭ്യമല്ല. മാസാദ്യത്തിലെത്തുന്ന ഉപഭോക്താക്കളോട് സബ്സിഡി സാധനങ്ങൾ എത്തിയിട്ടില്ലെന്നും മാസാവസാനം വരുന്നവരോട് കഴിഞ്ഞെന്നുമുള്ള പല്ലവിയാണ് ജീവനക്കാർക്ക്. 20-30 ശതമാനമെങ്കിലും വില വർദ്ധനവിനാണ് സാദ്ധ്യത. അങ്ങനെയെങ്കിൽ പൊതുവിപണിയുമായി സബ്സിഡി വിലയിൽ കാര്യമായ അന്തരമില്ലാകും.