പാലക്കാട്: അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ടെർമിനലും തൊട്ടടുത്ത് ശകുന്തള ജംഗ്ഷനിലേക്ക് റെയിൽവേ ലൈൻ കടക്കാൻ യന്ത്രഗോവണിയും പൂർത്തിയാകുന്നു.
2018 ആഗസ്റ്റ് അഞ്ചിന് സമീപത്തെ ബഹുനില കെട്ടിടം തകർന്നതിന്റെ പശ്ചാത്തലത്തിലാണ് അരനൂറ്റാണ്ട് പഴക്കമുള്ള ജീർണ്ണാവസ്ഥയിലുള്ള മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം അടച്ചുപൂട്ടിയതും പിന്നീട് പൊളിച്ചു മാറ്റിയതും. സ്റ്റാൻഡ് പുനർനിർമ്മാണം വൈകിയതോടെ ഇവിടുത്തെ ബസുകളെല്ലാം സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നായി സർവീസ്. ഇതോടെ മുൻസിപ്പൽ സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള നൂറുകണക്കിന് കച്ചവടക്കാർ ദുരിതത്തിലായി.
വി.കെ.ശ്രീകണ്ഠൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള രണ്ടുകോടി വിനിയോഗിച്ചാണ് ബസ് സ്റ്റാൻഡ് ടെർമിനൽ നിർമ്മിക്കുന്നത്. ആദ്യഘട്ടമായി ഒരേ സമയം 17 ബസുകൾ നിറുത്തിയിടാവുന്ന തരത്തിലുള്ള ടെർമിനലിന്റെ നിർമ്മാണമാണ് പൂർത്തിയാക്കുന്നത്. പുതുവർഷത്തോടെ സ്റ്റാൻഡ് പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തിലാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുക. ടെർമിനലിന്റെ ഭാഗമായി 17 വലിയ തൂണുകൾ സ്ഥാപിച്ചു. ഇനി മേൽക്കുര കൂടി സ്ഥാപിക്കേണ്ടതുണ്ട്.
സ്റ്റാൻഡ് നിർമ്മാണം പൂർത്തിയായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതോടെ ബസുകൾ പഴയപടി ഇവിടെ നിന്ന് സർവീസ് ആരംഭിക്കും. സമീപത്തെ പഴയ ശൗചാലയം പൊളിച്ച് മാറ്റി പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചിട്ടുണ്ട്. ടെർമിനൽ പൂർത്തിയാവുന്നതോടെ സ്റ്റാൻഡിനകത്ത് ഹൈമാസ്റ്റ് ലൈറ്റ്, എയ്ഡ് പോസ്റ്റ്, കാത്തിരിപ്പ് കേന്ദ്രം എന്നിവയും സ്ഥാപിക്കും.
അഞ്ചുവർഷം മുമ്പ് തുടങ്ങിയ ശകുന്തള ജംഗ്ഷനിലെ റെയിൽവേ എസ്‌കലേറ്റർ നിർമ്മാണം പൂർത്തിയാക്കി ട്രയൽ റൺ കഴിഞ്ഞ് ഉത്ഘാടനത്തിനൊരുങ്ങുകയാണ്. നഗരസഭ അമൃത് പദ്ധതിയിലുൾപ്പെടുത്തി 8,5 കോടി ചെലവിലാണ് റെയിൽവേ പാളത്തിന് കുറുകെ യന്ത്രഗോവണി നിർമ്മിച്ചത്. വൈദ്യുതി കണക്ഷൻ ലഭിച്ചെങ്കിലും ഇതര പ്രവൃത്തികൾ കൂടി പൂർത്തിയാക്കാനുണ്ട്. നിലവിൽ സമീപത്തെ കാൽനട മേൽപ്പാലത്തിലൂടെ പ്രതിദിനം 10000ത്തോളം ആളുകളാണ് റെയിൽവേ പാളം കടക്കുന്നത്. കൊവിഡ് കാലത്ത് നിലച്ച യന്ത്രഗോവണിയുടെ നിർമ്മാണം ഈ വർഷമാണ് വേഗത്തിലാക്കിയത്. ഒരേ വശത്തു തന്നെ
കയറാനും ഇറക്കാനുമുള്ള രണ്ട് എസ്‌കലേറ്ററാണുള്ളത്. മേൽക്കൂരയും സ്ഥാപിച്ചു.