
പാലക്കാട്: ലൈഫ് മിഷൻ പദ്ധതി പ്രകാരം ജില്ലയിൽ 2016 മുതൽ ഇതുവരെ 22,009 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. മൂന്നാം ഘട്ടത്തിൽ (വീടും സ്ഥലവുമില്ലാത്തവർ) 5352 അപേക്ഷകളിൽ 2218 പേർ കരാർ വച്ചതായും ഇതിൽ 1528 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതായും ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ (പാതി വഴിയിൽ നിർമ്മാണം നിന്നുപോയ വീടുകളുടെ പൂർത്തീകരണം) 8076 വീടുകളാണ് ഉള്ളത്. ഇതിൽ 7635 എണ്ണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ (സ്ഥലമുള്ള വീടില്ലാത്തവർ) 13,654 അപേക്ഷകളിൽ 13,204 പേർ കരാർ വച്ചതിൽ 12,846 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
മനസോടിത്തിരി മണ്ണ് കാമ്പയിനിലൂടെ ജില്ലയിൽ ഇതുവരെ 351.5 സെന്റ് ഭൂമി ലഭ്യമായി. ഇതിൽ 276.5 സെന്റ് ഭൂമി രജിസ്റ്റർ ചെയ്തു. 11.5 സെന്റ് ഭൂമി ഗുണഭോക്താക്കൾക്ക് കൈമാറി. ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരഹിതർക്കും പട്ടികജാതി/ പട്ടികവർഗ/ മത്സ്യതൊഴിലാളി അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്കും ലൈഫ് 2020 പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധനയിലൂടെ കണ്ടെത്തുന്ന ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുന്നതിനായി ആരംഭിച്ച ക്യാമ്പയിനാണ് മനസോടിത്തിരി മണ്ണ്.
തൃത്താല ബ്ലോക്കിൽ 1.30 കോടി വിതരണം ചെയ്തു
ഭവന രഹിതർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് 1.30 കോടി കൈമാറുന്നതിന്റെ വിതരണോദ്ഘാടനം നടന്നു. മാർച്ച് മാസത്തോടെ വിതരണം പൂർത്തിയാകും. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് തുക വകയിരുത്തിയത്. ഏഴ് പഞ്ചായത്തുകളിലെ പട്ടികജാതി, ജനറൽ ലൈഫ് ഗുണഭോക്താക്കൾക്കാണ് തുക നൽകുക. ഒരു ഗുണഭോക്താവിന് കുറഞ്ഞത് ഒരു ലക്ഷം രൂപ ലഭ്യമാകും.