lulu

പാലക്കാട്: കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ ലോകോത്തര ഷോപ്പിംഗ് വാതിൽ പാലക്കാടും തുറന്ന് ലുലു ഗ്രൂപ്പ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് വിസ്മയവുമായി, കണ്ണാടിയിലാണ് പുതിയ ലുലുമാൾ.

ഷാഫി പറമ്പിൽ എം.എൽ.എ, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ശിലാഫലകം ഷാഫി പറമ്പിൽ എം.എൽ.എ അനാച്ഛാദനം ചെയ്തു.

കേരളത്തിന്റെ വികസന അധ്യായത്തിൽ നിർണായക സ്ഥാനമാണ് ലുലു വഹിക്കുന്നത്. പാലക്കാട് സ്വദേശികൾക്ക് പുതിയ തൊഴിലവസരവും കാർഷിക മേഖലയ്ക്ക് ഉണർവും സമ്മാനിക്കുന്ന ലുലു പ്രാദേശിക വികസനത്തിനാണ് വഴി തുറന്നിരിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

'' പാലക്കാട് കാർഷിക മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങളും കൽപ്പാത്തിയിൽ നിന്നുള്ള ഭക്ഷണവിഭവങ്ങളും വരെ ലുലുവിൽ ലഭ്യമാണ്. 1400 പേർക്കാണ് തൊഴിലവസരം .ഇതിൽ എഴുപത് ശതമാനം പേരും പാലക്കാട്ടുകാരാണ്. കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലും പുതിയ മാളുകളും ഹൈപ്പർ മാർക്കറ്റുകളും ഉടൻ തുറക്കും. രാജ്യത്തെ ലുലുവിന്റെ പത്താമത്തെ കേന്ദ്രമാണിത്. ചെന്നൈ, അഹമ്മദാബാദ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പുതിയ പ്രൊജക്ടുകൾ ഉടൻ യാഥാർത്ഥ്യമാകും. ഇന്ത്യയില തന്നെ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രമാണ് നോയിഡയിൽ ഒരുങ്ങുന്നത്. എൻ.ആർ.ഐ നിക്ഷേപങ്ങളെ ആഭ്യന്തരനിക്ഷേപമായി കണ്ട് പിന്തുണയ്ക്കാനുള്ള സർക്കാർ തീരുമാനമാണ് ഈ വലിയ നിക്ഷേപങ്ങൾക്ക് വഴി തുറന്നതെന്നും എം.എ യൂസഫലി വ്യക്തമാക്കി. പൊതുജനങ്ങൾക്കായി മാൾ തുറന്നതോടെ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ലോകോത്തര ഷോപ്പിങ്ങിന്റെ നവീന അനുഭവം നൽകി രണ്ട് ലക്ഷം സ്‌ക്വയർ ഫീറ്റിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ലുലു മാൾ. രണ്ട് നിലയുള്ള മാളിൽ, ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് ഏറ്റവും ആകർഷണം. ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ്. . ലുലു ഗ്രൂപ്പ് ഇന്റർനാഷ്ണൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ സലിം എം.എ, മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് സിഎഫ്ഒ സതീഷ് കുറുപ്പത്ത്, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.