പാലക്കാട്: കേന്ദ്ര സർക്കാരിന്റെ 2023ലെ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് മലബാർ മിൽമയ്ക്ക്. രാജ്യത്ത് ഊർജ്ജ സംരക്ഷണ രംഗത്ത് മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്ക് നൽകി വരുന്ന പരമോന്നത പുരസ്കാരമാണിത്. ഡയറി വിഭാഗത്തിലാണ് മലബാർ മിൽമ ഈ അംഗീകാരം നേടിയത്.
ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിൽ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത ചടങ്ങിൽ കേന്ദ്രമന്ത്രി ആർ.കെ.സിങിൽ നിന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, എൻജിനീയറിംഗ് വിഭാഗം സീനിയർ മാനേജർ കെ.പ്രേമാനന്ദൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഊർജ്ജ കാര്യക്ഷമതയും സംരക്ഷണവും നിയന്ത്രണവും പ്രോത്സാഹിപ്പിക്കുന്നതിന് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഊർജ്ജ സംരക്ഷണത്തിന് മലബാർ മിൽമ നടപ്പിലാക്കി വരുന്ന നൂതന സാങ്കേതിക വിദ്യകൾക്കും മികച്ച പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ചെയർമാൻ കെ.എസ്.മണി പറഞ്ഞു.
ദേശീയ തലത്തിൽ മികച്ച ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്സ് ആന്റ് മാനേജേഴ്സിന്റെ 2022ലെ പ്ലാറ്റിനം അവാർഡും മലബാർ മിൽമ കരസ്ഥമാക്കിയിട്ടുണ്ട്. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ഈ വർഷത്തെ ഊർജ്ജ സംരക്ഷണ അവാർഡ് മലബാർ മിൽമയുടെ കണ്ണൂർ ഡയറിക്ക് ലഭിച്ചു. ഇടത്തരം ഊർജ്ജ ഉപഭോക്തൃ വിഭാഗത്തിലാണ് അവാർഡ്. ISO 50001:2018 എനർജി മാനേജ്‌മെന്റ് സിസ്റ്റം നിലവിലുള്ള കേരളത്തിലെ ഏക ഡയറിയാണ് കണ്ണൂരിലേത്. വാർത്താ സമ്മേളനത്തിൽ മലബാർ മിൽമ എം.ഡി കെ.സി.ജെയിംസ്, സീനിയർ മാനേജർ കെ.പ്രേമാനന്ദൻ എന്നിവരും പങ്കെടുത്തു.