thadayana

ഒറ്റപ്പാലം: ഭാരതപ്പുഴയിലെ മാന്നനൂർ ഉരുക്ക് തടയണയുടെ പ്രളയത്തിൽ തകർന്ന പാർശ്വഭിത്തിയുടെ നിർമ്മാണം ഉടനെ ആരംഭിക്കും. പണി തുടങ്ങുന്നതിന്റെ ഭാഗമായി പി.മമ്മിക്കുട്ടി എം.എൽ.എ വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ, കോൺട്രാക്ടർ ജയപ്രകാശ്, വില്ലേജ് ഓഫീസർ മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങുന്ന സംഘം പ്രദേശം സന്ദർശിച്ചു.

തടയണയുടെ വടക്ക് ഭാഗത്തു സൈഡിൽ 350 മീറ്റർ ദൂരം അഞ്ച് മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചെയ്തു ഉയർത്തും. താഴേക്കും മൂന്ന് മീറ്റർ ആഴത്തിൽ കോൺക്രീറ്റ് ചെയ്യും. ഭിത്തിക്ക് പുറത്തു ഏതാണ്ട് നാല് ഏക്രയോളം സ്ഥാലം പൂർണമായും മണ്ണിട്ട് നികത്തി സ്ഥലം നഷ്ട്പ്പെട്ട അർഹരായ കൃഷിക്കാർക്ക് വിതരണം ചെയ്യും.

തടയണക്കുള്ളിൽ നിന്നും വെള്ളം ഒഴിച്ച് വിടാനുള്ള സൗകര്യവുമുണ്ടാകും. വടക്ക് ഇപ്പോഴുള്ള തടയണക്കു പുറത്തു 12 മീറ്റർ വീതിയിലും തെക്ക് മൂന്ന് മീറ്റർ വീതിയിലുമാണ് ഇതിന് സൗകര്യ മേർപ്പെടുത്തുക.

നിർമ്മാണ പ്രവർത്തിക്കാവശ്യമായ സാധനങ്ങൾ വാഴാലിപ്പാടം വഴിയാണ് എത്തിക്കുക. അതിനുള്ള താൽക്കാലിക റോഡിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. കഴിയുന്നത്ര വേഗത്തിൽ ഈ വേനലിൽ തന്നെ പണി പൂർത്തിയാക്കുമെന്ന് കോൺട്രാക്ടർ ജയപ്രകാശ് പറഞ്ഞു.