l

പാലക്കാട്: പുത്തൂർ ചന്ത ജംഗ്ഷനിൽ രാത്രികാലങ്ങളിൽ തെരുവ് വിളക്ക് പ്രകാശിക്കുന്നില്ലെന്ന് പരാതി. ഇവിടെ അപകടങ്ങൾ പതിവാണെന്നും ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പാലക്കാട് ടൗൺ, മലമ്പുഴ, പുത്തൂർ അമ്പലം, കൽപ്പാത്തി എന്നിവിടങ്ങളിലേക്കുള്ള പാതകൾ കൂടിച്ചേരുന്ന കവലയിലാണ് രാത്രികാലങ്ങളിൽ വേണ്ടത്ര വെളിച്ചമില്ലാത്തത്.

മാത്രമല്ല, തിങ്കളാഴ്ച്ചകളിൽ ഈ കവലയ്ക്കു സമീപം മലമ്പുഴ റോഡിലാണ് പുത്തൂർ ചന്ത പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരങ്ങളിൽ തിരക്ക് കൂടുതലാണ്. ഈ ദിവസങ്ങളിലെങ്കിലും ഇവിടെ ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്നാണ് ആവശ്യം. സമീപത്തെ സീബ്ര ലൈൻ ഭാഗത്തും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും ഇരുട്ടാണ്. വൈദ്യുത വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് മാത്രമല്ല, അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിന് അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.