പട്ടാമ്പി: കൂട്ടുപാത- ആറങ്ങോട്ടുകര പാതയിൽ തിരുമിറ്റക്കാേട് ഇറുമ്പകശ്ശേരി എ.യു.പി സ്കൂൾ മതിലിനോട് ചേർന്ന് നിൽക്കുന്ന ആൽമരം വിദ്യാലയത്തിനും സമീപത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും അപകട ഭീഷണിയായി തുടരുന്നു.
110 കെ.വി വൈദ്യുതി ലൈനിന് മുകളിലൂടെ പടർന്ന് പന്തലിച്ച് നിൽക്കുന്ന ആൽമരക്കൊമ്പുകൾ ഏത് നിമിഷവും പൊട്ടി വീഴാവുന്ന സ്ഥിതിയിലാണ്. മരത്തിൽ നിന്ന് ഉണങ്ങിയ കമ്പുകൾ വീണാൽ പോലും വൈദ്യുതി കമ്പികളിൽ നിന്ന് തീപാറുന്ന സ്ഥിതിയാണുള്ളതെന്നും വിദ്യാർത്ഥികളെ ഭീതിയോടെയാണ് ഇത് വഴി അയക്കുന്നതെന്നും രക്ഷിതാക്കൾ പറയുന്നു. ചെറിയ കാറ്റടിച്ചാൽ പോലും മരത്തടി വെദ്യുതി കമ്പികളിൽ കൂട്ടിമുട്ടി തൊട്ടടുത്ത വീട്ടുകാരിൽ ഭീതി ഉയർത്താറുണ്ട്. ജി.എൽ.പി സ്കൂൾ, അങ്കണവാടി, പാർട്ടി ഓഫീസുകൾ, കച്ചവട കേന്ദ്രങ്ങൾ തുടങ്ങിയവിടങ്ങളിലേക്ക് ഏത് നേരത്തും ആളുകൾ സഞ്ചരിക്കുന്ന വഴിയായതിനാൽ അപകട സാദ്ധ്യത ഏറെയാണ്. പ്രദേശവാസികളും വിവിധ രാഷ്ട്രീയ സംഘടനകളും മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകു പ്പിനും വനം വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റുമായി പലകുറി പരാതി അയച്ചെങ്കിലും നടപടിയുണ്ടായില്ല.
പരാതി നൽകിയിട്ടും ഫലമില്ല
ആൽമരം സ്കൂൾ മതിലിനോട് ചേർന്നാണ് നിൽക്കുന്നത്. ഇവിടെ ഏത് സമയത്തും കുട്ടികൾ ഓടിക്കളിക്കുന്ന പ്രദേശമാണ്. സ്കൂളിലേക്കെത്തുന്ന പലരുടെയും ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും തണൽ നോക്കി ഈ ആൽമരത്തിന് കീഴെയാണ് പാർക്ക് ചെയ്യുന്നത്. സ്കൂളിന് അപകട ഭീഷണിയായ മരത്തിന്റെ ശിഖരങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് വനംവകു പ്പ്, പാെതുമരാമത്ത്, ത്രിതല പഞ്ചായത്ത് തുടങ്ങി വിവിധ കേന്ദ്രങ്ങളിലേക്ക് അദ്ധ്യാപക രക്ഷാകർത്തൃ സമിതി നിരവധി പരാതികൾ നൽകിയെങ്കിലും കാര്യമായ പ്രതികരണങ്ങൾ ഉണ്ടായില്ലെന്ന് ഇറുമ്പകശ്ശേരി സ്കൂളിലെ പ്രധാനാദ്ധ്യാപിക പി.മിനി പറഞ്ഞു.
പാതയരികിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് നട്ടുപിടിപ്പിച്ച ആൽമരമാണിത്. മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം.
--ജീന രാജഗോപാൽ, പഞ്ചായത്തംഗം.