ഷൊർണൂർ: കേന്ദ്ര ഫണ്ടുപയോഗിച്ച് നഗരസഭ കൊച്ചിൻ പാലത്തിന് സമീപം വഴിയിടം ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചതിൽ അഴിമതി ആരോപിച്ച് ബി.ജെ.പിയും കോൺഗ്രസും. 52.68 ലക്ഷം ചെലവിട്ട് നിർമ്മിച്ച പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നിശ്ചയിച്ചപ്പോഴാണ് പദ്ധതി എന്തെന്ന് തന്നെ പലരും അറിയുന്നത്.
തറ കെട്ടി ചുമരും മേൽക്കൂരയും ഷീറ്റുപയോഗിച്ചാണ് നിർമ്മാണം. ഇത് താത്കാലിക ഷെഡ് മാത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തൊട്ടടുത്തുള്ള പഞ്ചായത്തുകൾ ഇത്തരം ഫണ്ടു കൊണ്ട് നിർമ്മിച്ച വഴിയിടം വിശ്രമ കേന്ദ്രങ്ങൾ കെട്ടുറപ്പുള്ള കെട്ടിടങ്ങളാണ്. പദ്ധതിയിൽ വാടക മുറികൾ കച്ചവടത്തിന് നൽകുന്ന രീതിയിൽ വരെ ചില പഞ്ചായത്തുകൾ നിർമ്മിതി നടത്തുന്നു. ഷൊർണൂരിൽ ചുമര് കെട്ടോ വാർപ്പോ ഇല്ലെന്നതിനാൽ മുകളിലേക്ക് ഉയർത്താനും കഴിയില്ല. ഇത്രയും തുകയുണ്ടെങ്കിൽ എല്ലാ സൗകര്യങ്ങളുമുള്ള ആധുനിക കെട്ടിടം നിർമ്മിക്കാമെന്ന് പല കരാറുകാരും പറയുന്നു.
ക്രമക്കേടെന്ന് ബി.ജെ.പി
ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം നിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നു. പദ്ധതി നിയമാവലിയിൽ പറയുന്ന ഒരു മാനദണ്ഡവും പാലിച്ചിട്ടില്ല. ബി.ജെ.പി നഗരസഭാംഗങ്ങളും പാർട്ടിയും ശക്തമായി പ്രതിഷേധിക്കും. നഗരസഭാ ഓംബുഡ്സ്മാൻ, സെൻട്രൽ വിജിലൻസ്, സ്വച്ച് ഭാരത് മിഷൻ എന്നിവർക്ക് പരാതി നൽകി.
-കെ.പ്രസാദ്, കൗൺസിലർ, ബി.ജെ.പി മണ്ഡലം സെക്രട്ടറി.
ചർച്ചയില്ലെന്ന് കോൺഗ്രസ്
ടിൻ ഷീറ്റ് കെട്ടിടമാണിത്. സി.പി.എമ്മിന്റെ ഭരണ ധാർഷ്ട്യത്തിന്റെ ശാപമാണ് നാട്ടുകാർ അനുഭവിക്കുന്നത്. 53 ലക്ഷം വെറുതെ പാഴായി. ഇത്തരം തീരുമാനമൊന്നും നഗരസഭാ കൗൺസിലിൽ ചർച്ചയ്ക്ക് വരുന്നില്ല. ഈ തുക ഉപയോഗിച്ച് നല്ലൊരു വാർപ്പ് കെട്ടിടം നിർമ്മിക്കാം. വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയർത്തും.
-ഷൊർണൂർ വിജയൻ, കൗൺസിലർ, കോൺഗ്രസ് നേതാവ്.
വികസന വിരോധം
ആരോപണം വികസന വിരോധികൾ നടത്തുന്നതാണ്. അംഗീകൃത ഏജൻസിയായ സിൽക്ക് വഴിയാണ് നിർമ്മാണം നടന്നത്. കൗൺസിലിൽ വെച്ച അജണ്ട ബി.ജെ.പി ഉൾപ്പെടെ അംഗീകരിച്ചതാണ്. 52.68 ലക്ഷത്തിൽ ജി.എസ്.ടി.യും സെന്റേജ് ചാർജും കഴിഞ്ഞ് 40 ലക്ഷത്തിന്റെ പ്രവൃത്തിയാണ് നടന്നത്. വികസന പ്രവർത്തനങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
-എം.കെ.ജയപ്രകാശ്, നഗരസഭാദ്ധ്യക്ഷൻ.