r-bhaskaran
ആർ.ഭാസ്കരൻ

ആർ.ഭാസ്കരൻ എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ പ്രസിഡന്റ് പദവി ഒഴിഞ്ഞു

പാലക്കാട്: വളരെ ആത്മസംതൃപ്തിയോടെയാണ് താൻ എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ പ്രസിഡന്റ് പദവി ഒഴിയുന്നതെന്ന് ആർ.ഭാസ്കരൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് തന്നെ അകമഴിഞ്ഞ് പിന്തുണച്ച യൂണിയൻ ഭാരവാഹികളോടും കൗൺസിലർമാരോടും ശാഖാ അംഗങ്ങളോടും ഓഫീസ് ജീവനക്കാരോടുമുള്ള അടുപ്പം ഏറെ വലുതാണ്. സ്ഥാനമൊഴിഞ്ഞാലും യൂണിയൻ പ്രവർത്തനത്തിന് ശക്തി പകരുന്ന സാധാരണ പ്രവർത്തകനായി കൂടെയുണ്ടാകും.

മൈക്രോ ഫിനാൻസ് കോഓർഡിനേറ്ററായാണ് യൂണിയനുമായുള്ള ബന്ധം തുടങ്ങുന്നത്. ഇതുവരെ വിവിധ ഘട്ടങ്ങളിലായി 115 കോടിയാണ് പാലക്കാട് യൂണിയൻ വായ്പയായി വിതരണം ചെയ്തത്. മലബാർ ജില്ലകളിൽ ഏറ്റവും കുടുതൽ തുക വായ്പയായി അനുവദിച്ച യൂണിയനാണ് പാലക്കാട്. ഇത്രയും തുക അനുവദിച്ചെന്ന് മാത്രമല്ല,​ നൂറു ശതമാനം തിരിച്ചടവ് ഉറപ്പാക്കാനും സാധിച്ചു.

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ യൂണിയന് സാധിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നത്. ഇനിയുള്ള ദിവസങ്ങളിൽ വീട്ടിൽ ജൈവ പച്ചക്കറി കൃഷിയും എഴുത്തും വായനയുമായി കൂടണമെന്നാണ് ആഗ്രഹം.

2008 കാലഘട്ടത്തിൽ യൂണിയൻ നഷ്ടത്തിലായിരുന്നു. പിന്നീട് സെക്രട്ടറി കെ.ആർ.ഗോപിനാഥിന്റെയും തന്റെയും നേതൃത്വത്തിൽ കൗൺസിലർമാരുടെയും ശാഖ അംഗങ്ങളുടെയും സഹകരണത്തോടെ ഇന്ന് വരുമാന നികുതി അടയ്ക്കുന്ന യൂണിയനെന്ന നിലയിലേക്ക് എത്തിക്കാൻ സാധിച്ചു. വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറി. കാറും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായി. ആർ.ഭാസ്കരൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം സെക്രട്ടറിയുടെ ഏകോപനത്തോടെ കേരള ഹൗസിംഗ് ബോർഡുമായി സഹകരിച്ച് ശാഖ അംഗങ്ങൾക്ക് 35 വീടുകൾ വെച്ചു നൽകി. പിന്നാക്ക വികസന കോർപ്പറേഷൻ മുഖേന ഈ കാലഘട്ടത്തിൽ ഒന്നരക്കോടി രൂപ സ്വയംതൊഴിൽ, വിവാഹം, വീട് നവീകരണം എന്നിവയ്ക്കായി അനുവദിച്ചു. അവയുടെ തിരിച്ചടവും ഉറപ്പാക്കി.

എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയനിലെ സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനായി നിരവധി സഹായം നൽകിയ വ്യക്തിത്വമാണ് ആർ.ഭാസ്കരന്റേത്. മലബാർ ജില്ലകളിൽ ഏറ്റവും കുടുതൽ തുക മൈക്രോ ഫിനാൻസ് വായ്പ പദ്ധതിയിലൂടെ വിതരണം ചെയ്യുകയും തിരിച്ചടവ് ഉറപ്പാക്കുകയും ചെയ്തതിൽ ആർ.ഭാസ്കരൻ,​ കെ.ആ‍ർ.ഗോപിനാഥ് എന്നിവരുടെ പങ്ക് വളരെ വലുതാണ്. നിസ്വാർത്ഥ വ്യക്തിത്വത്തിന് ഉടമയായ ആർ.ഭാസ്കരന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

-വെള്ളാപ്പിള്ളി നടേശൻ,​ ജനറൽ സെക്രട്ടറി,​ എസ്.എൻ.ഡി.പി യോഗം.