
ചെർപ്പുളശ്ശേരി: നഗരസഭയിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വീരമംഗലം ഉങ്ങുംത്തറയിൽ നടന്ന പരിപാടി പി.മമ്മിക്കുട്ടി എം.എൽഎ നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ കമലം ഫാർമസിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രവർത്തന സമയം. മികച്ച ചികിത്സാ സൗകര്യങ്ങൾ, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ഊന്നൽ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സ, സാന്ത്വന പരിചരണം, പകർച്ചവ്യാധി തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ സേവനങ്ങളാണ് ആരോഗ്യ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയാണ് നഗരസഭയിൽ ആരോഗ്യ കേന്ദ്രം ആരംഭിച്ചത്. നഗരസഭയിലെ രണ്ടാമത്തെ ആരോഗ്യ കേന്ദ്രമാണിത്. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫ്ന പാറക്കൽ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.