qr-code

അലനല്ലൂർ: അലനല്ലൂർ ഗവ. ഹൈസ്‌കൂളിൽ ഫോറസ്ട്രീ ക്ലബ്ബിന്റെയും ദേശീയ ഹരിത സേനയുടെയും സംയുക്താഭിമുഖ്യത്തിൽ വൃക്ഷ പഠനം സുഗമമാക്കാൻ മരങ്ങൾക്ക് ക്യു ആർ കോഡ് നൽകി. കുട്ടികളിൽ മരങ്ങളെ സംരക്ഷിക്കാനുള്ള മനോഭാവം വളർത്തുക, മരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ അവസരമൊരുക്കുക, വിരൽത്തുമ്പിലൂടെ വിവരങ്ങൾ ശേഖരിക്കാനുള്ള ആധുനിക സംവിധാനം കുട്ടികളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വൃക്ഷങ്ങൾക്ക് ക്യു ആർ കോഡ് നൽകിയത്. ക്യു ആർ കോഡ് വായിക്കുന്നതിലൂടെ സസ്യങ്ങളുടെ ശാസ്ത്രീയ നാമം, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പേര്, ഉപയോഗം, വൃക്ഷ വിവരണം എന്നിവ ഞൊടിയിടയിൽ ലഭിക്കും. വിദ്യാലയത്തിലെ പത്തോളം മരങ്ങൾക്കാണ് ആദ്യ പടിയിൽ ക്യു ആർ കോഡ് നൽകിയത്. തുടർന്ന് എല്ലാ മരങ്ങൾക്കും ഔഷധ സസ്യങ്ങൾക്കും ക്യു ആർ കോഡ് നൽകും. ഹെഡ് മാസ്റ്റർ ദാമോദരൻ പള്ളത്ത് ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ കെ.ജുവൈരിയത്, പി.യൂസഫ്, കെ.മുഹമ്മദ് ഫിറോസ്, കെ.രമ്യ, സി.മിനിമോൾ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.