pranav
പ്രണവ്

പാലക്കാട്: ഭിന്നശേഷിക്കാരനായ ആലത്തൂർ അരങ്ങാട്ടുപറമ്പ് എം.ബി. പ്രണവിന് പാലക്കാട് ലുലുമാളിൽ ജോലി വാഗ്‌ദാനം ചെയ്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ്, മാൾ ഉദ്ഘാടന വേളയിൽ യൂസഫലിയെ കണ്ട്, താൻ കാലുകൊണ്ടു വരച്ച അദ്ദേഹത്തിന്റെ ചിത്രം കൈമാറിയിരുന്നു. യൂസഫലിക്കൊപ്പം പ്രണവ് സെൽഫിയെടുക്കുകയും ചെയ്തു. ഇതിനിടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് പ്രണവ് ജോലിയില്ലാത്തതിന്റെ പ്രയാസം യൂസഫലിയെ അറിയിച്ചത്.

ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ട് എന്നെ പോറ്റി വളർത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് പ്രണവ് പറഞ്ഞു. യൂസഫലി എന്ത് ജോലിയാണ് ചെയ്യാൻ കഴിയുക എന്ന് ചോദിച്ചു. എനിക്ക് കഴിയാവുന്ന ഏതു ജോലിയും ചെയ്യാമെന്നായി പ്രണവ് . ഉടനെ മാനേജരെ വിളിച്ച് ഇയാൾക്ക് പറ്റുന്ന ഏതെങ്കിലും ഒരു ജോലി നൽകാനും യൂസഫലി നിർദ്ദേശിച്ചു. താൻ അടുത്ത തവണ ഇവിടെ വരുമ്പോൾ പ്രണവ് ജോലിയിലുണ്ടാവണമെന്ന നിർദ്ദേശവും നൽകി. ഷാഫി പറമ്പിൽ എം.എൽ.എ ഇതിനെല്ലാം സാക്ഷിയായി സമീപത്തുണ്ടായിരുന്നു.