q

പട്ടാമ്പി: ഓങ്ങല്ലൂർ പഞ്ചായത്തിലെ മരുതൂർ തോണ്ടിയന്നൂരിൽ ആരംഭിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ എതിർപ്പ് ശക്തമാകുന്നു.

ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത് പഞ്ചായത്തംഗമാണ്. പഞ്ചായത്ത് അനുമതി നിഷേധിച്ചതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. പരിസ്ഥിതി ലോല പ്രദേശമാണെന്നും തോട്ടടുത്ത് വനം തുരുത്തുണ്ടെന്നും കുന്നിടിച്ചിൽ, മണ്ണൊലിപ്പ്, ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ടെന്നും പഞ്ചായത്ത് ഹൈക്കോടതിയെ ബോധിപ്പിച്ചു.

തുടർന്ന് ഹൈക്കോടതി വനം വകുപ്പിന്റെ അഭിപ്രായം തേടി. വനം അതിർത്തിയിൽ നിന്ന് 200 മീറ്റർ അകലെയാണ് ക്വാറി ആരംഭിക്കുന്നത് എന്നതിനാൽ വനംവകുപ്പിന് എതിർപ്പില്ലെന്ന് ക്ലീൻ ചിറ്റ് നൽകി. എന്നാൽ, വിഷയത്തിൽ ശാസ്ത്രീയ സ്ഥലപരിശോധന നടത്തിയ ശേഷമേ നടപടി സ്വീകരിക്കാവൂ എന്ന് നാട്ടുകാർ പറയുന്നു.

ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

പ്രദേശവാസികളായ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി എതിർപ്പ് ശക്തമാണ്. ജില്ലാ പഞ്ചായത്തംഗം എ.എൻ.നീരജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.രജീഷ്, അംഗം എൻ.പി.മാലതി, വിജയൻ പുവ്വക്കോട്, എൻ.പി.വിനയകുമാർ, ടി.ശ്രീജിത്ത്, എ.എം.നാരായണൻ, പ്രസീനാ ഉണ്ണികൃഷ്ണൻ, പി.എം.വാസുദേവൻ എന്നിവരടങ്ങിയ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.