tb

പാലക്കാട്: ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലെ കുട്ടികളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുള്ള അക്ഷയജ്യോതി പരിപാടിക്ക് 22ന് അട്ടപ്പാടിയിൽ തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് അഗളി സാമൂഹികാരോഗ്യ കേന്ദ്രം ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ അദ്ധ്യക്ഷയാകും.

പുതൂർ, കിഴക്കഞ്ചേരി, മുതലമട, വണ്ടാഴി, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി അനിൽകുമാർ, കവിത മാധവൻ, കല്പനാദേവി, കെ.എൽ.രമേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷ എ.ഷാബിറ, പുതൂർ പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷ പി.വാഞ്ചി, മുതലമട പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ കെ.ജി.പ്രദീപ് കുമാർ, ഡി.എം.ഒ കെ.ആർ.വിദ്യ, ജില്ലാ ടി.ബി ഓഫീസർ ഡോ.സി.ഹരിദാസൻ തുടങ്ങിയവർ പങ്കെടുക്കും.

ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ ഉൾപ്പെട്ട അഗളി, ഷോളയൂർ, പുതൂർ, വണ്ടാഴി, കിഴക്കഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകളാണ് ആദ്യഘട്ടത്തിൽ അക്ഷയജ്യോതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട 15 വയസിന് താഴെയുള്ള കുട്ടികളുള്ള വീടുകളിലും അങ്കണവാടികളിലും സ്കൂളുകളിലും നേരിട്ട് ചെന്ന് പരിശോധിച്ചാണ് പ്രവർത്തനം നടത്തുക.

പദ്ധതിയും പരിശോധനയും ഇങ്ങനെ
പരിശീലനം ലഭിച്ച അങ്കണവാടി പ്രവർത്തകർ, ഫീൽഡ് വർക്കർമാർ, ആശാപ്രവർത്തകർ, ഹാംലറ്റ് ആശമാർ (ഊരുകളിൽ മാത്രം), എം.എൽ.എസ്.പി (മിഡ് ലെവൽ സർവീസ് പ്രൊവൈഡർ)മാർ തുടങ്ങിയവരാണ് കുട്ടികളെ പരിശോധിക്കുക. രോഗ ലക്ഷണങ്ങളുള്ളവരുടെ കഫം സാമ്പിളെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കും.

അങ്കണവാടി കുട്ടികളിൽ ക്ഷയരോഗ സാദ്ധ്യതയുള്ളവരുടെ വിശദാംശങ്ങൾ അങ്കണവാടി പ്രവർത്തക ആ പ്രദേശത്തെ ആശാപ്രവർത്തകക്ക് കൈമാറും. ഈ കുട്ടികളുടെ വീടുകൾ ആശാപ്രവർത്തകർ സന്ദർശിച്ച് കുട്ടികളെ സ്ഥലത്തെ ഫീൽഡ് വർക്കർമാർ മുഖേന കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കും. പഞ്ചായത്തുതലത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

മൂന്നാഴ്ച കൊണ്ട് പൂർത്തിയാകും

നാളെ ആരംഭിച്ച് മൂന്നാഴ്ച കൊണ്ട് പൂർത്തിയാകുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കായി ശേഖരിക്കുന്ന കഫ സാമ്പിൾ അതത് ജനകീയാരോഗ്യ കേന്ദ്രങ്ങളിലെത്തിക്കും. തുടർന്ന് മൈക്രോസ്‌കോപ്പിക് സെന്ററുകളിലെത്തിക്കും.

പരിശോധനയിൽ ടി.ബി കണ്ടെത്തുന്നവർക്ക് വേഗത്തിൽ ചികിത്സ ആരംഭിക്കും. പോസിറ്റീവായ കുട്ടികളുടെ കുടുംബാംഗങ്ങളെയും സ്‌ക്രീനിംഗ് പരിശോധനയ്ക്ക് വിധേയമാക്കും.

-ഡി.എം.ഒ.