mela
കെ.ടി.ഡി.സി ഭക്ഷ്യമേളയുടെ ഉദ്ഘാടനം ചെർപ്പുളശേരിയിൽ ചെയർമാൻ പി.കെ.ശശി നിർവഹിക്കുന്നു.

ചെർപ്പുളശേരി: ക്രിസ്മസ്- ന്യൂ ഇയർ ആഘോഷം സ്വാദിഷ്ടമാക്കാൻ രുചി വൈവിദ്ധ്യങ്ങളുടെ ഭക്ഷ്യമേളയ്ക്ക് കെ.ടി.ഡി.സി. ആര്യമ്പാവിലെ കെ.ടി.ഡി.സി ടാമറിൻഡിൽ 'ചാകര" എന്ന പേരിൽ കടൽ, കായൽ, പുഴ മത്സ്യങ്ങളുടെ രുചി വൈവിദ്ധ്യമാണ് ഒരുക്കിയിരിക്കുന്നത്. ചെർപ്പുളശേരിയിലെ ആഹാർ റസ്റ്റോറന്റിൽ 'കുമരകം ഭക്ഷ്യമേള" എന്ന പേരിൽ കുട്ടനാടൻ വിഭവങ്ങളുടെ വൻ രുചിക്കൂട്ടും ഒരുക്കിയിട്ടുണ്ട്. ശ്രീകൃഷ്ണപുരം ആഹാറിൽ നാടൻ ഷാപ്പ് വിഭവങ്ങളും ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നു. കൃത്രിമ രുചിക്കൂട്ട് പാടെ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം എന്ന ആശയം മുൻനിറുത്തിയാണ് അന്യം നിൽക്കുന്ന നാടൻ രുചിക്കൂട്ടുകളുടെ ഭക്ഷ്യമേള നടത്തുന്നത്.

മേളയുടെ ഉദ്ഘാടനം ചെർപ്പുളശേരിയിൽ കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി നിർവഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ സി.കമലം അദ്ധ്യക്ഷയായി. കൗൺസിലർമാരായ സഫ്ന പാറയ്ക്കൽ, പ്രമീള,​ റീജിയണൽ മാനേജർ സുജിൽ മാത്യു,​ യൂണിറ്റ് ഓഫീസർ കെ.ടി.പ്രതീഷ്​ എന്നിവർ പങ്കെടുത്തു.