പാലക്കാട്: വാളയാർ, കസബ സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് ഒഡീഷ നുവാബന്ദ് ബദ്രക്ക് സ്വദേശി അമൂല്യദാസിനെ (46) ഒഡീഷയിൽ നിന്ന് വാളയാർ, കസബ പൊലീസ് സംയുക്തമായി പിടികൂടി.
രണ്ടുമാസമായി പൂട്ടിയിട്ട വീടുകളിൽ മോഷണം നടത്തിയ കേസിൽ യു.പി സ്വദേശി ബാബു ഖുറേഷിയെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. യു.പി, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെത്തി മോഷണം നടത്തി തിരിച്ചുപോകുന്ന രീതിയാണ് ഇവരുടേത്. ആന്ധ്രയിൽ മാത്രം ഏഴ് മോഷണ കേസുകളുള്ള പ്രതിയാണ് ബാബു ഖുറേഷി.
ആന്ധ്രയിലെ ജയിലിൽ കഴിയുന്ന സമയത്താണ് പ്രതികൾ തമ്മിൽ പരിചയപ്പെട്ടത്. ഖുറേഷിയെ വിശദമായി ചോദ്യം ചെയ്തതിൽ കളവിൽ ഒപ്പം ഉണ്ടായിരുന്നത് ഒഡീഷയിലെ സഹോദരങ്ങളായ രണ്ടുപേരാണെന്ന് പറഞ്ഞിരുന്നു.
അമൂല്യദാസിനെ പിടികൂടാൻ പൊലീസ് ടീമിനെ രൂപീകരിച്ച് ജീപ്പിൽ യാത്ര തുടർന്ന് രണ്ടായിരത്തിലധികം കിലോമീറ്റർ അകലെയുള്ള ഒഡീഷയിലെ ബദ്രക്ക് ജില്ലയിലെത്തി. മാവോയിസ്റ്റ് മേഖലയിൽ നിന്ന് സാഹസികമായാണ് അമൂല്യദാസിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം പിടികൂടിയത്. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്.
സി.സി ടി.വി വിഷ്വലിൽ കണ്ട ചെരുപ്പും അവിടേക്ക് എത്തിയ ഒരു ടി.വി.എസ് എക്സൽ വാഹനവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പകൽ കളവ് നടത്താൻ ഉദ്ദേശിക്കുന്ന വീടുകൾ നോക്കി വക്കുകയും രാത്രിയോ മഴയുള്ള സമയത്തോ കളവ് നടത്തുകയുമാണ് ഇവരുടെ രീതി. കളവിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിക്കുന്നത്. കേരളത്തിലെ കേസിൽ ആദ്യമായാണ് ഇവർ പിടിയിലാവുന്നത്. കസബ പരിധിയിലെ വേങ്ങോടിയിലെ ഒരു വീട്ടിൽ നിന്ന് ഇവർ കവർച്ച നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി ആനന്ദ്, എ.എസ്.പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ദേശ പ്രകാരം കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, വാളയാർ ഇൻസ്പെക്ടർ ആദം ഖാൻ, എസ്.ഐമാരായ ഹർഷാദ്, ബാബുരാജൻ, എസ്.സി.പി.ഒമാരായ സുഭാഷ്, ആർ.രാജീദ്, ജയപ്രകാശ്, കൃഷ്ണദാസ്, മാർട്ടിൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.