muncipality

പാലക്കാട്: പ്രിയ അജയന്റെ രാജിക്ക് പിന്നാലെ നഗരസഭയ്ക്ക് പുതിയ നേതൃത്വത്തിനായി ബി.ജെ.പിയിൽ ചൂടുള്ള ചർച്ചകൾക്ക് തുടക്കമായി. പാർട്ടിയിൽ പിന്നാലെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വടംവലിയും ശക്തമാണ്. മുൻ ചെയർപേഴ്സൻ പ്രമീള ശശിധരൻ, മുതിർന്ന അംഗം ടി.ബേബി, മിനി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് അന്തിമ ചർച്ചയിലുള്ളതെന്നാണ് സൂചന.

തിങ്കളാഴ്ചയാണ് പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രിയ അജയൻ രാജി നൽകിയത്. ഒരുവിഭാഗം ഭരണകക്ഷി കൗൺസിലർമാരുടെ നേതൃത്വത്തിൽ ഏറെ നാളായി ചെയർപേഴ്സനെതിരെ പോർമുഖം തുറന്നിരുന്നു. ഇത് ഒടുക്കം ഭരണകക്ഷി കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നതിൽ കലാശിക്കുകയും ചെയ്തിരുന്നു.

പ്രിയ കെ.അജയന്റെ രാജിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുകയാണ്. രാജി മുൻകൂട്ടി ആവശ്യപ്പെട്ട പ്രകാരമെന്ന് പാർട്ടി നേതൃത്വം ആവർത്തിക്കുമ്പോഴും അങ്ങനെയല്ലെന്നും പൊടുന്നനെ വിളിച്ച് രാജിയാവശ്യപ്പെടുകയായിരുന്നെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മാധ്യമശ്രദ്ധയും വിവാദങ്ങളുമില്ലാതെ പടിയിറങ്ങാൻ അവസരം നൽകണമായിരുന്നെന്നാണ് ഒരുവിഭാഗം മുതിർന്ന നേതാക്കളടക്കം ചൂണ്ടിക്കാണിക്കുന്നത്.

52 അംഗ സഭയിൽ 28 പേരുടെ പിന്തുണയിലാണ് നഗരസഭയിൽ ബി.ജെ.പി തുടർഭരണം നേടിയത്. ഇത്തവണ അദ്ധ്യക്ഷസ്ഥാനം വനിത സംവരണമായിരുന്നു. മുൻ അദ്ധ്യക്ഷ പ്രമീള ശശിധരനെ ഒഴിവാക്കി പ്രിയ അജയനെ കൊണ്ടുവന്നത് ആർ.എസ്.എസിന്റെ കൂടി നിർദേശപ്രകാരമാണ്. ഭരണകക്ഷിക്കുള്ളിൽ അന്നുതുടങ്ങിയ അസ്വാരസ്യമാണ് ഇപ്പോൾ മറനീക്കിയത്.