nelliyampathi
നൂറടിയിൽ സ്ഥാപിച്ച ശൗചാലയം തകർന്ന് ജീർണ്ണിച്ച നിലയിൽ.

നെല്ലിയാമ്പതി: ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാലത്ത് നെല്ലിയാമ്പതിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാൻ കാടുകയറണം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലയമ്പാറ റോഡിൽ ബാങ്ക് പാടി, കൈകാട്ടി ബാങ്കിന് സമീപം,​ കേശവൻ പാറയ്ക്ക് സമീപം തേനിപ്പാടി, നൂറടി എന്നിവിടങ്ങളിൽ പല വർഷങ്ങളിലായി നിർമ്മിച്ച ടോയ്‌ലറ്റുകളെല്ലാം വെള്ളമില്ലാതെ അടഞ്ഞുകിടക്കുകയാണ്.

കാരപ്പാറയിൽ നിർമ്മിച്ചിട്ടുള്ള ടോയ്‌ലറ്റിൽ മാത്രമാണ് വെള്ളമുള്ളത്. തൊട്ടടുത്ത കാട്ടുചോലയിൽ നിന്ന് ഒരു കുഴലിലൂടെ തുടർച്ചയായി ഒഴുകിവരുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നെല്ലിയാമ്പതി മേഖലയിലെ പൊതുടോയ്‌ലറ്റുകളിൽ പലതിന്റെയും വാതിലുകളും മറ്റും സാമൂഹ്യവിരുദ്ധർ നശിപ്പിച്ച നിലയിലാണ്. ലക്ഷങ്ങൾ കരാറുകാരന് നൽകി പഞ്ചായത്തിന്റെ മറ്റു വികസന പ്രവർത്തനങ്ങളിലേക്ക് ഉപയോഗിക്കാതെ ഫണ്ട് പാഴാക്കിയെന്നാണ് നാട്ടുകാരും വിനോദ സഞ്ചാരികളും പറയുന്നത്.

വിനോദ സഞ്ചാരികൾ പലരും സ്വകാര്യ റിസോർട്ടുകളിലും ഹോട്ടലുകളെയുമാണ് മിക്കപ്പോഴും പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നത്.