k

കേരളത്തിലെ ട്രെയിൻ യാത്രയിലെ രൂക്ഷമായ പ്രശ്നങ്ങൾ പാർലമെന്റിൽ കഴിഞ്ഞ ആഴ്ച ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പിന്നിട്ട രണ്ടു മാസത്തിനിടെ ട്രെയിൻ യാത്രക്കാർ ഏറെ പ്രയാസമനുഭവിച്ച മേഖലയാണ് കേരളത്തിലെ മലബാർ ജില്ലകൾ. ജോലിക്കും വിദ്യാഭ്യാസത്തിനും കണ്ണൂരിനും കോഴിക്കോടിനും ഇടയിലുള്ളവർ കഴിഞ്ഞ നാല് ദശകങ്ങളിലേറെയായി ഏറ്റവും ആശ്രയിക്കുന്ന ട്രെയിനാണ് പരശുറാം. ആരംഭിച്ച കാലത്തെ ഗമയൊന്നും ഇപ്പോൾ പരശുറാമിനില്ല. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ സ്‌റ്റോപ്പുകളുള്ള എക്സ്പ്രസ് ട്രെയിനാണിത്. അമ്പതിടത്താണ് സ്റ്റോപ്പുള്ളത്.

വടക്കേ മലബാറിലെ പ്രധാന നഗരങ്ങളായ കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലെത്തുമ്പോഴാണ് പരശുറാമിന് റെക്കാർഡ് തിരക്ക്. അടുത്തിടെ തലശ്ശേരിയിലും വടകരയിലും പരശുറാം എകസ്പ്രസിലെ അനിയന്ത്രിതമായ തിരക്ക് കാരണം പതിവു യാത്രക്കാർ ബോധം കെട്ടുവീണ സംഭവങ്ങളും ഉണ്ടായി. ഈ വിഷയം ചർച്ചചെയ്യാൻ ജനപ്രിധിനിധികൾ പാലക്കാട് ഡിവിഷണൽ മാനേജറെ നേരിൽ കണ്ടിരുന്നു. ഈ ട്രെയിൻ പുറപ്പെടുന്നത് കേരളത്തിന് വെളിയിൽ നാഗർകോവിൽ ജംഗ്ഷനിൽ നിന്നാണ്. അവിടെ ഇപ്പോൾ പ്ലാറ്റ്‌ഫോം നവീകരണം നടക്കുകയാണ്. രണ്ടു മാസം കഴിഞ്ഞാൽ പരശുറാമിൽ ഇനിയും അഡിഷണൽ കോച്ചുകൾ ഘടിപ്പിക്കുമെന്നാണ് ലഭിച്ച മറുപടി.

പാലക്കാട്ടേക്കൊരു

സ്ഥിരം വന്ദേഭാരത് ?

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് എക്സ്പ്രസ് പാലക്കാട് ഡിവിഷനിലൂടെ അതിവേഗം പാഞ്ഞുപോയപ്പോൾ ഒരു സ്ഥിരം വന്ദേഭാരതെന്ന മോഹമുണ്ടായിരുന്നു പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്. കോയമ്പത്തൂർ - ബംഗളൂരു റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടിയാൽ പാലക്കാടിന് ഉപകാരപ്പെടും. ഇക്കാര്യം വി.കെ.ശ്രീകണ്ഠൻ എം.പി പലതവണ ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂരിലേക്ക് രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് കോയമ്പത്തൂർ സൗത്ത് എം.എൽ.എയും വാനതി ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.

കാര്യമായി സമ്മർദമുണ്ടായാൽ കേരളത്തിന് കൂടി ഫലപ്രദമാകുന്ന രീതിയിൽ സർവീസ് നീട്ടാൻ കഴിയും. കോയമ്പത്തൂർ ബംഗളൂരു റൂട്ടിലെ ഉദയ് എക്സ്പ്രസ് കേരളത്തിലേക്കു നീട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു. അതിനായി കാര്യമായി ശ്രമവും നടത്തി. ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടുന്നതിൽ എതിർപ്പില്ലെന്നു ദക്ഷിണ റെയിൽവേ അധികൃതർ സമ്മതിക്കുകയും സേലം ഡിവിഷൻ ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കുകയും ചെയ്തതാണ്. പക്ഷേ, നടന്നില്ല. ഉദയ് എക്സ്പ്രസ് കേരളത്തിനു നഷ്ടമാക്കുന്നതിൽ ചില ലോബികൾ പ്രവർത്തിച്ചതായി ജനപ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴാകട്ടെ, യാത്രക്കാർ കാര്യമായി ഉദയ് എക്സ്പ്രസ് ഉപയോഗിക്കുന്നില്ലാത്തതിനാൽ റെയിൽവേക്ക് കനത്ത വരുമാന നഷ്ടമുണ്ടാക്കുന്നുമുണ്ട്. നേരത്തെ തന്നെ കേരളത്തിലേക്ക് സർവീസ് നീട്ടിയിരുന്നെങ്കിൽ സർവീസ് കൂടുതൽ ലാഭകരമായേനെ. പാലക്കാട്ടേക്കു വന്ദേഭാരത് ഓടിക്കുന്നതിൽ സാങ്കേതിക പ്രശ്നമൊന്നുമില്ല. വാളയാറിലെ വനപ്രദേശത്തു മാത്രമാണു വേഗം കുറയ്‌ക്കേണ്ടി വരിക. ബംഗളൂരു, കോയമ്പത്തൂർ നഗരങ്ങളെ ബന്ധിച്ചുള്ള സർവീസായതിനാൽ സാമ്പത്തിക ലാഭവും ഉണ്ടാകും.

പാലക്കാട് - പൊള്ളാച്ചി

റൂട്ടിനോട് അവഗണന

പാലക്കാട് - തിരിച്ചെന്തൂർ പാസഞ്ചർ പാലക്കാട്ടു നിന്ന് എടുത്തു മാറ്റരുതെന്ന് ആവശ്യം ശക്തം. വൈദ്യുതീകരണം പൂർണമായും സജ്ജമായ പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ പഴയ ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കണമെന്നാണ് യാത്രക്കാരുെട പ്രധാന ആവശ്യം. മംഗലാപുരം - രാമേശ്വരം, എറണാകുളം - രാമേശ്വരം എക്സ്പ്രസ് ആഴ്ചയിൽ മൂന്ന് തവണയും പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ രാവിലെയും വൈകുന്നേരത്തിനും ഇടയ്ക്ക് പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്നും പാസഞ്ചേഴ്സ് അസോസിഷേൻ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് നിരവധി തവണ പാലക്കാട് ഡിവിഷൻ ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പാലക്കാട് - ദിണ്ഡിഗൽ - ട്രിച്ചി, പാലക്കാട് - രാമേശ്വരം, ഗുരുവായൂർ പഴനി എന്നീ ട്രെയിനുകൾ തീർഥാടകർക്ക് ഗുണകരമാകുമെന്നതിനാൽ കൂടുതൽ സർവീസുകൾ നടത്തണം. ആനമല റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. എറണാകുളം - പാലക്കാട് മെമു പഴനിവരെ ദീർഘിപ്പിക്കണം. പാലക്കാട് ദിണ്ഡിഗൽ പാസഞ്ചർ ജോലി സമയങ്ങളിൽ രാവിലെയും വൈകിട്ടും സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാർ പറയുന്നത്.

കൊല്ലങ്കോട്ട് സ്റ്റോപ്പ്

പരിഗണനയിൽ

ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട്ടിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ വ്യക്തമാക്കി. ഇതിൽ പ്രതീക്ഷയർപ്പിച്ച് കഴയുകയാണ് യാത്രക്കാർ. കൊല്ലങ്കോട് സ്റ്റേഷനിൽ ചെന്നൈ - പാലക്കാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തതിനാൽ നെന്മാറ, ചിറ്റൂർ നിയോജക മണ്ഡലത്തിലെ യാത്രക്കാർ ദുരിതത്തിലാണ്. നിലവിൽ തിരിച്ചെന്തൂർ പാസഞ്ചറും അമൃത എക്സ്പ്രസിനും മാത്രമാണ് കൊല്ലങ്കോട്ട് സ്റ്റോപ്പുള്ളത്.

തിരുച്ചെന്തൂർ ട്രെയിൻ പാലക്കാട്ടുനിന്നും കോയമ്പത്തൂർ മേട്ടുപാളയത്തിലേക്ക് മാറ്റാൻ തമിഴ്നാട് എം.പിമാർ തലത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നതായും ട്രെയിൻ നിലനിർത്താനായി പാലക്കാട്ടെ ജനപ്രതിനിധികൾ ഇടപെട്ടിട്ടില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണത്തിലെ വർധനവും ഉപയോഗങ്ങൾക്ക് അനുസൃതമായിട്ടാണ് ട്രെയിനുകൾ നിർത്തുന്നത്.