s

ചെർപ്പുളശേരി: ബസ് അപകടങ്ങളെക്കുറിച്ച് നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് എ.അജേഷിന് പ്ലസ് ടു വിദ്യാർത്ഥി അയച്ച കുറിപ്പ് വൈറലാവുന്നു. പേര് വെളിപ്പെടുത്തരുത് എന്ന അഭ്യർത്ഥനയോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണമെന്ന ആവശ്യത്തോടെ തന്റെ അനുഭവം പ്രസിഡന്റിന് കുട്ടി അയച്ച് കൊടുത്തത്.

'ചെർപ്പുളശേരിയിൽ നിന്ന് കൊപ്പത്തേക്കുള്ള യാത്രയിൽ നേരിൽ കണ്ട അസാധാരണവും ഭയപ്പെടുത്തുന്നതുമായ സംഭവം' എന്ന തുടക്കത്തോടെയാണ് പോസ്റ്റ്. താൻ സഞ്ചരിച്ച ബസിന്റെ ഡോർ തുറന്നുവച്ചുള്ള യാത്ര മൂലം പ്രായമുള്ള സ്ത്രീ റോഡിലേക്ക് വീണ് പരിക്കേറ്റ് രക്തം വാർന്നൊലിക്കുന്നത് തനിക്ക് കാണേണ്ടി വന്നെന്നും ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും ബസുകാരുടെ തെറ്റ് മറച്ച് വച്ച് 'പിടിക്കാതെയാണോ ബസിൽ ഇരിക്കുന്നത്" എന്ന ഡ്രൈവറുടെ ചോദ്യം തന്നെ അസ്വസ്ഥയാക്കിയെന്നും വിദ്യാർത്ഥി പറയുന്നു.

ദിവസവും കാണുന്ന ഇത്തരം അനാസ്ഥയ്ക്കെതിരെ പ്രതികരിക്കാൻ കഴിയാത്തത് കൺസഷൻ ടിക്കറ്റ് എടുക്കുന്നതിനാലാണെന്നും വിദ്യാർത്ഥി അറിയിച്ചു. ബസിന് അമിത വേഗമില്ലാതിരുന്നു. എന്നാലും ഇത്തരത്തിലുള്ള സംഭവം ഒരു തീവ്രമായ അപകടത്തിലേക്ക് നീങ്ങി വിലാപമാകാതിരിക്കാൻ വാതിൽ കൃത്യമായി അടയ്ക്കുക എന്ന മുൻകരുതൽ കൈ കൊള്ളണം.

ശക്തമായ ഗതാഗത നിയമം നിലനിൽക്കുമ്പോഴും വിട്ടുവീഴ്ചകളുടെ കാലത്ത് സ്വന്തം സുരക്ഷിതത്വം യാത്രക്കാർ ഏറ്റെടുക്കണം. ഇരിക്കുന്ന നിങ്ങൾ പോലും പലപ്പോഴും ബസിൽ സുരക്ഷിതരല്ലെന്ന മുന്നറിയിപ്പോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.