
മണ്ണാർക്കാട്: ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിയ ആദ്യത്തെ ചെറുകിട ജല വൈദ്യുത പദ്ധതിയായ മീൻവല്ലം മാതൃകയിൽ വട്ടപ്പാറയിലും ജല വൈദ്യുത പദ്ധതിയുടെ സാധ്യതകൾ തേടി എം.എൽ.എ ശാന്തകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത്, സ്മാൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ് നേതൃത്വത്തിൽ വിവിധ ജല വൈദ്യുത പദ്ധതികൾ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്.
പ്രതീക്ഷിച്ചതിലും വേഗത്തിൽ ലാഭകരമായ മീൻവല്ലം പദ്ധതിയുടെ ചുവടു പിടിച്ചാണ് കൂടുതൽ ജല വൈദ്യുതപദ്ധതികൾ ബന്ധപ്പെട്ടവർ ആലോചിക്കുന്നത്. തച്ചമ്പാറ പഞ്ചായത്തിൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള പാലക്കയം പ്രദേശത്ത് വന ഭൂമിയോട് ചേർന്നാണ് വട്ടപ്പാറ വെള്ളച്ചാട്ടം. ഈ വേനൽ കാലത്തും ഇവിടെ വെള്ളച്ചാട്ടത്തിന് കുറവില്ല.
പദ്ധതിയുടെ പ്രാരംഭ നടപടിക്ക് മുമ്പ് വട്ടപ്പാറ പ്രദേശത്തെ 17പേർക്ക് ഭൂമിയുടെ കൈവശരേഖ നൽകുന്നതിന് ഭൂ സർവ്വേ അടക്കമുളള നടപടികൾ പൂർത്തിയാക്കണം.
പാലക്കയം വില്ലേജ് ഓഫീസ് പരിധിയിൽ വരുന്ന ഇവിടെ ആദ്യ നടപടിയെന്നോണം ഈ ഭാഗത്തേക്കുള്ള റോഡ് വീതി കൂട്ടി നവീകരിക്കണം. പ്രകൃതിക്ക് കോട്ടം തട്ടാത്ത കൂടുതൽ വികസന പദ്ധതികൾ നടക്കേണ്ടതുണ്ട്. മലകളും വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ മേഖലയിൽ ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും ടൂറിസത്തിനും മികച്ച സാധ്യതയാണുള്ളതെന്നും ഇക്കാര്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും എം.എൽ.എ പറഞ്ഞു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻകുട്ടി, വൈസ് പ്രസിഡന്റ് രാജി ജോണി, വാർഡ് മെമ്പർമാരായ ഐസക്ക് ജോൺ, മല്ലിക, ശാരദ, ജയ പ്രകാശ്, മനോരഞ്ജിനി, കൃഷ്ണൻകുട്ടി, പി.വി.സോണി, എബ്രഹാം, ഷിബു, സജീവ്, ജോണി തുടങ്ങിയവരും എം.എൽ.എ ക്കൊപ്പം വനം റവന്യൂ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ പങ്കെടുത്തു.