
വടക്കഞ്ചേരി: നെല്ലിയാമ്പതി ഗവ: ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ ഹൈടെക് രീതിയിൽ കൃഷി ചെയ്ത് കേരള കാർഷിക സർവകലാശാല പുറത്തിറക്കിയ കെ.പി.സി.എച്ച് വൺ ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പറിന്റെ വിളവെടുപ്പ് നടന്നു. കർഷക ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു. ആദ്യ തവണ 10 സെന്റ് പോളി ഹൗസിൽ സലാഡ് കുക്കുമ്പർ കൃഷി ചെയ്ത് രണ്ട് ടൺ ഉത്പാദിപ്പിച്ചിരുന്നു.
കുക്കുമ്പർ നട്ട് 36 ദിവസം കൊണ്ട് വിളവെടുപ്പ് ആരംഭിക്കും. ഒരു ചെടിയിൽ നിന്ന് 22 മുതൽ 28 കായകൾ വരെ ലഭിക്കും. ശരാശരി ഒരു കായ 240 മുതൽ 250 ഗ്രാം വരെ തൂക്കം വരുന്നുണ്ട്. കാബേജ്, ചൈനീസ് കാബേജ്, റാഡിഷ്, കോളിഫ്ളവർ എന്നിവയുടെയും വിളവെടുപ്പ് തുടങ്ങി. തക്കാളി, കാബേജ്, ബ്രോക്കോളി, ചൈനീസ് കാബേജ്, കോളിഫ്ളവർ എന്നിവ പോളിഹൗസിലും പുറത്തും ഹൈടെക് രീതിയിൽ കൃഷി ചെയ്ത് വരുന്നുണ്ട്.
കൂടാതെ ആറ് ഹെക്ടർ സ്ഥലത്ത് ഓറഞ്ച്, മറ്റു പഴവർഗ വിളകൾ എന്നിവയുടെ ഇടവിള എന്ന നിലക്ക് കാബേജ്, കോളി ഫ്ളവർ, നോൾകോൾ, ചൈനീസ് കാബേജ്, റാഡിഷ്, കാരറ്റ്, ബീറ്റ്റൂട്ട്, ലെറ്റിയൂസ്, വയലറ്റ് കാബേജ്, പാലക്ക്, ബീൻസ്, ബട്ടർ ബീൻസ് തുടങ്ങിയ വിവിധ ഇനം ശീതകാല പച്ചക്കറികളും കൂർക്ക, നിലക്കടല, മധുരക്കിഴങ്ങ്, പച്ചമുളക്, കാന്താരി മുതലായവയും കൃഷിയിറക്കിയിട്ടുണ്ട്.
സലാഡ് കുക്കുമ്പർ പോളി ഹൗസ് കൃഷിക്ക് പാർവ്വതി, യേശുമേരി, യോഗേശ്വരി, ജോയ് എന്നീ തൊഴിലാളികളും കൃഷി അസിസ്റ്റന്റുമാരായ വസീം ഫജ്ൽ, ജാൻസി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.വിളവെടുപ്പിൽ മലമ്പുഴ ഹോർട്ടികൾച്ചർ ഡെവലപ്പ്‌മെന്റ് ഫാം അസിസ്റ്റന്റ് ഡയറക്ടർ എസ്.ശാന്തിനി അദ്ധ്യക്ഷയായി. കൃഷി ഓഫീസർ ദേവി കീർത്തന, തൊഴിലാളി യൂണിയൻ പ്രതിനിധികളായ ബാബു, മുരുകൻ, ഹബീബുള്ള എന്നിവർ പങ്കെടുത്തു.
വിപണനം ഇങ്ങനെ
ഫാമിലെ മുൻവശത്തുള്ള സെയിൽസ് കൗണ്ടറിൽ എല്ലാ ദിവസവും വിളവെടുത്ത ഫാം ഫ്രഷ് ഉത്പന്നങ്ങൾ വിൽപ്പനക്ക് ലഭ്യമാക്കുന്നുണ്ട്. അധികം വരുന്നത് ഹോർട്ടി കോർപ്പ്, കൃഷി വകുപ്പ് ഇക്കോ ഷോപ്പുകൾ എന്നിവയിലൂടെയും വിപണനം നടത്തുന്നു.
സന്ദർശകരുടെയും കർഷകരുടെയും ഇടയിൽ ഏറെ സ്വീകാര്യതയും ലഭിച്ചു. അതിൽനിന്നുള്ള പ്രചോദനമാണ് വീണ്ടും 10 സെന്റ് പോളി ഹൗസിൽ ഹൈടെക് രീതിയിൽ കൃഷി ഇറക്കുവാൻ കാരണമായത്. ഫാമിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെ കൂടുതൽ മികച്ചതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്.
പി.സജിദലി, ഫാം സൂപ്രണ്ട്.