olavakkode-culvert

പാലക്കാട്: കഴിഞ്ഞ മാസം നിർത്തി വച്ച ഒലവക്കോട്ടെ കലുങ്കു നിർമ്മാണം പുനരാരംഭിച്ചത് വാഹന യാത്രക്കാർക്ക് ദുരിതമായി. ഒലവക്കോട്, സായി ജംഗ്ഷനുകൾക്കിടയിൽ ഐശ്വര്യ കോളനിക്കു സമീപത്തെ കലുങ്കാണ് പൊളിച്ചു പണിയുന്നത്. പുനർ നിർമ്മിക്കുന്നതിന് കഴിഞ്ഞ മാസമാണ് പൊളിച്ചതെങ്കിലും നവകേരള സദസുമായി മുഖ്യമന്ത്രി ജില്ലയിലെത്തുന്നതിനാൽ പ്രവൃത്തി താൽക്കാലികമായി നിർത്തി വച്ചിരുന്നു. റോഡിന്റെ പകുതി ഭാഗത്താണ് ഇപ്പോൾ ജോലികൾ നടക്കുന്നത്. ഇതോടൊപ്പം കലുങ്കിനോട് ചേർന്ന സായ് ജംഗ്ഷൻ വരെ അഴുക്കുചാൽ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.

കലുങ്ക് പുനർനിർമ്മാണ സ്ഥലത്തും സമീപത്തെ ജംഗ്ഷനിലുമായി ഗതാഗത നിയന്ത്രണത്തിനും വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതിനും ഇരുപതോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. എങ്കിലും ചാത്തപുരം- ഒലവക്കോട് പാതയിൽ യാത്രാ ക്ലേശം രൂക്ഷമാണ്. ചരക്കു വാഹനങ്ങളും വലിയ വാഹനങ്ങളും ചുണ്ണാമ്പുതറ റോഡിലൂടെ ഒലവക്കോട്, ശേഖരീപുരം ഭാഗത്ത് എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ പൊലീസ് നിയന്ത്രണത്തിൽ ഓരോ വശത്തേക്കും വാഹനങ്ങളെ ക്രമീകരിച്ചാണ് കടത്തി വിടുന്നത്. സ്വകാര്യ ബസുകൾ ഇവിടെ ഗതാഗതകുരുക്കിൽപ്പെടുന്നു. രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയാണെന്നതിനാൽ പൊലീസ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കലുങ്കു നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടുത്തെ ഗതാഗതപ്രശ്നം പരിഹരിക്കപ്പെടുമെങ്കിലും അതുവരെ ഒലവക്കോട് ശേഖരീപുരം റൂട്ടിൽ യാത്രാദുരിതം രൂക്ഷമാണ്.

സ്ലാബിടൽ ഇന്ന്
ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധിയാണെന്നതിനാൽ ഇന്ന് സ്ലാബിടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അവധി ദിവസങ്ങൾ കഴിഞ്ഞ ശേഷമായിരിക്കും മറുഭാഗത്തെ പ്രവൃത്തി ആരംഭിക്കുന്നത്. സ്ലാബുകൾ സ്ഥാപിച്ച ഭാഗം വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കണമെങ്കിൽ രണ്ടാഴ്ച്ചയിലധികം എടുക്കും.