traffic-cherpulassery

ചെർപ്പുളശേരി: നവീകരണത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുകയാണ് ചെർപ്പുളശേരി ടൗൺ. ഓവ് പാലത്തിന്റെയും അഴുക്ക് ചാലിന്റെയും പ്രവർത്തി അതിവേഗം നടക്കുന്നുണ്ടെങ്കിൽ ചെർപ്പുളശേരിയിൽ ദിനംപ്രതി ഗതാഗത കുരുക്ക് രൂക്ഷമാണ്. രാവിലെയും വൈകുന്നേരവുമാണ് തിരക്ക് കൂടുന്നത്. അർബൻ ബാങ്ക് പരിസരം മുതൽ ഒറ്റപ്പാലം റോഡ് കവല വരെയാണ് ഈ ഗതാഗത കുരുക്ക് നീളുന്നത്.

ഗതാഗത കുരുക്ക് രൂക്ഷമായിട്ടും പ്രശ്ന പരിഹാരത്തിന് ഒരു നടപടിയും ചെർപ്പുളശേരി പൊലീസ് സ്വീകരിക്കാത്തതിൽ പൊതു ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. രാവിലെയും വൈകുന്നേരവും പൊലീസ് ഇടപെട്ടാൽ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് പൊതുജനാഭിപ്രായം. ചെർപ്പുളശേരി ബസ് സ്റ്റാൻഡിലേക്ക് ബസ് കയറാനും ഇറങ്ങാനും നഗര നവീകരണം കാരണം ഒരു വഴിമാത്രമാണുളളത്. ഇവിടങ്ങളിൽ പൊലീസ് നിയന്ത്രിച്ചാൽ, നഗരത്തിലെ ഗതാഗതകുരുക്ക് ഒരു പരിധിവരെ ഒഴിവായി കിട്ടും.

കുരുക്കഴിക്കാതെ പൊലീസ്

പല ബസുകളും ടൗണിലെത്തിയാൽ പിന്നെ ഗതാഗതം നിയന്ത്രിക്കേണ്ടത് ബസ് ജീവനകാരാണ്. കാരണം ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ പൊലീസുദ്യോഗസ്ഥരില്ല. അതുകൊണ്ട് തന്നെ ബസ്, സ്റ്റാൻഡിൽ കയറ്റാൻ റോഡിൽ കാത്ത് നിൽകേണ്ടിവരികയും പല റൂട്ടിലും കൃത്യസമയത്ത് എത്താൻ കഴിയാതെ പ്രയാസപെടുന്നതും സ്ഥിരം അവസ്ഥയാണിപ്പോൾ.