
പാലക്കാട്: ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്കായി വിനോദയാത്ര സംഘടിപ്പിച്ച് ജനമൈത്രി പൊലീസ്. ക്രിസ്മസ് -പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കൊടുവായൂർ ഭിന്നശേഷി വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്കായാണ് പുതുനഗരം ജനമൈത്രി പൊലീസ് മലമ്പുഴയിലേക്ക് വിനോദയാത്ര നടത്തിയത്. വയോജന കേന്ദ്രത്തിലെ 24 അന്തേവാസികളും മേൽനോട്ടത്തിനും പരിപാലത്തിനുമായി നേഴ്സുമാരും ആയമാരും ഉൾപ്പെടെ ഒൻപത് ജീവനക്കാരുമാണ് യാത്രയിൽ പങ്കെടുത്തത്. പൊലീസ് ബസിലായിരുന്നു യാത്ര.
അന്തേവാസികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു ഇത്തരമൊരു യാത്ര എന്ന് അധികൃതർ പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂല മറുപടി ലഭിച്ചതോടെയാണ് അവരുടെ ആഗ്രഹം സഫലമായത്. ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര ഉദ്യാനത്തിലെത്തി ഇവരോടൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു.
കല്ലടിക്കോട്ടുള്ള ആകാശപറവകളിലെ ഭിന്നശേഷി വിദ്യാർത്ഥികളും പങ്കെടുത്തു. വിനോദയാത്രയുടെ ഭാഗമായി മലമ്പുഴ ഉദ്യാനത്തിൽ വയോജനങ്ങളുടെ കലാപരിപാടികളും നടന്നു. വയോജന കേന്ദ്രം സൂപ്രണ്ട് കെ.വി.ബിന്ദു, ഡോ.നസ്രിൻ, നേഴ്സ് വി.ഷീന, സി.ശശികല, ഇ.മധുരമീനാക്ഷി, ആയമാരായ കെ.കെ.നസീമ, ബി.രമ, ജനമൈത്രി പൊലീസ് സ്റ്റേഷൻ സബ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.അറുമുഖൻ, എ.എസ്.ഐ ഷീബ ലോബിൻ, നർക്കോട്ടിക് സെല്ലിൽ നിന്നും നവാസ് ഷെറീഫ് തുടങ്ങിയവർ പങ്കെടുത്തു.