
പട്ടാമ്പി: റോഡ് സൈഡിലെ അഴുക്ക് ചാൽ നിർമ്മാണത്തിലെ പിടിപ്പുകേട് മൂലം കോക്കാട് ഒതളൂർ മലമൽക്കാവ് റോഡിന്റെ പാർശ്വഭാഗം തകർന്നു കുളത്തിൽ വീണു. തൃത്താല നിയോജക മണ്ഡലത്തിലെ പട്ടിത്തറ ഗ്രാമ പഞ്ചായത്തിൽ നിന്നും ആരംഭിച്ച് ആനക്കര ഗ്രാമ പഞ്ചായത്തിലെ ഭാരതപ്പുഴയോരത്ത് അവസാനിക്കുന്ന ഗ്രാമീണ പാതയാണ് തകർന്ന് തരിപ്പണമായത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോചന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡ് ഒതളൂർ പുളിഞ്ചോട് ഭാഗത്ത് റോഡിനോട് ചേർന്ന കുളത്തിലേക്കാണ് ഇടിഞ്ഞ് താഴ്ന്നത്. തെക്ക് പടിഞ്ഞാറങ്ങാടി തൃത്താല റോഡിൽ നിന്ന് കോക്കാട്-ഒതളൂർ മലമക്കാവ് വഴി വെള്ളിയാങ്കല്ല് ഭാരതപ്പുഴയോരത്ത് റോഡിന്മേൽ സന്ധിക്കുന്ന ആറ് കിലോമീറ്റർ റോഡാണ് 4.57 കോടി രൂപ ചെലവിൽ നിർമാണം തുടങ്ങിയത്.
റോഡ് പണി കഴിഞ്ഞ് ഒരു വർഷത്തോളമായിട്ടും ഇത് വരെ യാതൊരു പരിഹാര നടപടികളൊന്നും അധികൃതരിൽ നിന്നും ഉണ്ടാവാത്തതിൽ ദിവസം തോറും പരാതിക്കാരുടെ എണ്ണം വർദ്ധിക്കുന്നു. ഏതായാലും വൻ അപകട സാധ്യതയുളള ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് പരിഹാരം കാണാൻ ഈ വൈകിയ വേളയിലെങ്കിലും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റോഡിന്റെ അപാകത ചൂണ്ടികാട്ടി പരാതി നൽകിയെങ്കിലും നടപടിയില്ല
നിർമ്മാണ സമയത്ത് നാട്ടുകാരുടെ നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കാതെ നിർമ്മാണ പ്രവർത്തനം നടത്തിയത് റോഡ് തകർച്ചയ്ക്ക് കാരണമായി. ത്രിതല പഞ്ചായത്ത് ഓഫീസുകളിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടും നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും അവരുടെ അധികാരം പരിധിയിൽ പെടുന്നതല്ലെന്ന് പറഞ്ഞു കൈഒഴിയുകയായിരുന്നു.
റോഡ് തകരുന്നത് രണ്ടാം തവണ
കഴിഞ്ഞ വർഷം റോഡ് നിർമ്മാണം കഴിഞ്ഞ് ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും റോഡ് ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയപ്പോൾ അടുത്ത എർത്ത് വർക്കിനൊപ്പം ശരിയാക്കാമെന്ന് കോൺട്രാക്ടറർ ഉറപ്പ് നൽകിയിരുന്നു. പക്ഷെ അവസാന സമയത്ത് കോൺട്രാക്ട് നഷ്മാണെന്നും ഇനി പുതിയ എസ്റ്റിമേറ്റ് വെച്ച് റോഡിന്റെ തകർന്ന ഭാഗം ശരിയാക്കാമെന്നും പറഞ്ഞതല്ലാതെ പ്രവൃത്തി നടന്നിട്ടില്ല.