
പാലക്കാട്: രണ്ടാംവിള നെൽകൃഷിക്ക് മേൽ വളം ഇടേണ്ട സമയമാണിത്. രണ്ട് വർഷമായി സംസ്ഥാനത്ത് യൂറിയ ആവശ്യാനുസരണം കിട്ടിയിരുന്നില്ല. നിലവിൽ ക്ഷാമം ഇല്ലെങ്കിലും യൂറിയ ലഭിക്കണമെങ്കിൽ കർഷകർ മൂന്നിരട്ടി വിലയുള്ള മറ്റുവളം വാങ്ങണം. 300 രൂപ മാത്രം വിലയുള്ള 50 കിലോ യൂറിയ ചാക്കിന് 952 രൂപ വില വരുന്ന 25 കിലോഗ്രാമിന്റെ പോളിഹേലിയേറ്റ്, മൾട്ടി ന്യൂട്രിയന്റ് തുടങ്ങിയ വളങ്ങൾ വാങ്ങണം. അല്ലെങ്കിൽ വിൽപ്പന കുറവുള്ള മറ്റ് ചില കൂട്ടുവളങ്ങൾ വാങ്ങണം. ഇതോടെ പെടാപ്പാടിലാണ് കർഷകർ.
9,000 കിലോഗ്രാമാണ് ഒരു ലോഡ് യൂറിയ. ഇതിന് 53,190 രൂപയാണ് വില. പുതുതലമുറ വളങ്ങൾക്ക് ഒരു ലോഡിന് 3,42,720 രൂപ വരും. ഒരു ടൺ യൂറിയ കിട്ടാൻ 500 കിലോ പുതുതലമുറ വളം വാങ്ങാൻ രാസവള കമ്പനികൾ വിതരണക്കാരെ നിർബന്ധിക്കുന്നുവെന്നാണ് പരാതി. കർഷകർക്ക് യൂറിയ എത്തിക്കാൻ വിതരണക്കാർ ഈ സമ്മർദത്തിന് വഴങ്ങേണ്ടി വരുന്നു
ചാക്കിന് 3,200 രൂപ വിലയുള്ള യൂറിയ 300 രൂപയ്ക്കാണ് കർഷകർക്ക് നൽകുന്നത്. ഉത്തരേന്ത്യൻ കർഷക ലോബിയുടെ താൽപര്യം മുൻനിറുത്തിയാണ് ഇത്ര ഉയർന്ന സബ്സിഡി നൽകുന്നത്. മറ്റ് വളങ്ങൾക്ക് ഇത്രയും സബ്സിഡി ഇല്ല. ഏക്കറിന് ഒരു ചാക്കിൽ കൂടുതൽ യൂറിയ വാങ്ങിയാൽ കൃഷി ഭവനിൽ നിന്ന് അന്വേഷണം എത്തും. യൂറിയയിലെ ഘടകങ്ങൾ പെയിന്റ്, പ്ലൈവുഡ് കമ്പനികൾക്ക് ആവശ്യമുണ്ട്. യൂറിയ വാങ്ങി ദുരുപയോഗിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാറിന്റെ നിബന്ധനയെന്ന് അധികൃതർ പറയുന്നു. ഇന്ത്യയിൽ ആവശ്യമുള്ള യൂറിയയുടെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. യൂറിയക്കൊപ്പം മറ്റ് വളങ്ങൾ കെട്ടിയേൽപിക്കുന്നുവെന്ന ആക്ഷേപം രാസവളം കമ്പനി അധികൃതർ നിഷേധിച്ചു.
അമിതഭാരം കർഷകർക്ക്
കമ്പനികൾ കെട്ടിയേൽപ്പിക്കുന്ന വളം വിതരണക്കാർ കർഷകരുടെ തലയിൽ വെച്ചുകൊടുക്കും. കമ്പനികളുടെ വിൽപന കുറവുള്ള നാനോ വളം, മൈക്രോ ഫുഡ് എന്നിവയാണവ. വളം സബ്സിഡി കേന്ദ്രം കമ്പനികൾക്കാണ് നൽകുന്നത്, കർഷകർക്കല്ല. 2017 മുതൽ ഇ-പോസ് യന്ത്രം ഉപയോഗിച്ചാണ് വളം വിൽപന. കൃഷി സ്ഥലം പേരിലുള്ള കർഷകൻ ആധാർ കാർഡുമായി നേരിൽ വന്ന് വിരലടയാളം പതിച്ചാലേ വളം കിട്ടൂ. സ്ഥലത്തില്ലാത്തവർ, പാട്ടകൃഷി നടത്തുന്നവർ, കൂട്ടുകുടുംബക്കാർ എന്നിവരൊക്കെ ഈ നിബന്ധന മൂലം വലയുന്നു.
വിളവിനെ ബാധിക്കും
1നെല്ലിന് ചിനപ്പ് പൊട്ടാനും മഞ്ഞളിപ്പ് മാറി തഴച്ച് വളരാനും യൂറിയ ഇടേണ്ട സമയമാണിത്. യൂറിയ ഇട്ടില്ലെങ്കിൽ നെൽച്ചെടിയുടെ വളർച്ചയെയും വിളവിനെയും ബാധിക്കും.
2. അടിവളമായി ആദ്യ വളപ്രയോഗം നടത്തുമ്പോൾ കൂട്ടുവളം മാത്രമാണ് ഉപയോഗിക്കുക.
3. രണ്ടാമത് നടത്തുന്ന വളപ്രയോഗത്തിന് കൂട്ടുവളത്തിനൊപ്പം യൂറിയയും ഇടണം.
4. മൂന്നാമത് വളപ്രയോഗത്തിന് പൊട്ടാഷും കൂട്ടുവളവുമാണ് വേണ്ടത്.