
പാലക്കാട്: ഐ.എം.എ ബൈപ്പാസ്- ജില്ലാ ആശുപത്രി റോഡ് നിർമ്മാണം നീളുന്നത് സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് നടപടികളില്ല. പാളയപ്പേട്ടയ്ക്ക് സമീപം അഞ്ച് സെന്റിൽ താഴെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രതിസന്ധിയാണ് പദ്ധതി നീണ്ടുപോകാനുള്ള കാരണം.
പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ച പദ്ധതിയാണ് സ്തംഭിച്ച് മൺപാതയായി കിടക്കുന്നത്. ബൈപ്പാസ് യാതാർത്ഥ്യമായാൽ നഗരത്തിൽ നിന്ന് ഗതാഗത കുരുക്കില്ലാതെ ജില്ലാ ആശുപത്രിയിലേക്കെത്താൻ ഏറെ സഹായകരമാകും. ജില്ലാ ആശുപത്രിയിലേക്കും ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്കുള്ള പ്രധാനപ്പെട്ട സമാന്തര റോഡ് കൂടിയാണിത്.
സ്ഥലം ഏറ്റെടുക്കാൻ പ്രശ്നം ഫണ്ട്
മൺപാത യഥാർത്ഥ റോഡാകാൻ മദ്ധ്യത്തിൽ അഞ്ച് സെന്റിൽ താഴെയുള്ള സ്ഥലം ഏറ്റെടുക്കണം. ന്യായ വില നൽകി സ്ഥലം ഏറ്റെടുത്തു റോഡ് പദ്ധതി യാഥാർത്ഥ്യമാക്കണം എന്നത് നഗരത്തിന്റെ ആവശ്യമാണ്. കോർട്ട് റോഡിൽ ഗതാഗത തടസമുണ്ടായാൽ നിലവിൽ ജില്ലാ ആശുപത്രിയിലേക്കും വനിതാ ശിശു ആശുപത്രിയിലേക്കുമുള്ള പോക്കുവരവ് കുരുക്കിലാകും. ഇതു പരിഹരിക്കാൻ പുതിയ റോഡ് വഴി കഴിയും. പൊതുമരാമത്ത് വകുപ്പിന് സ്ഥലം ഏറ്റെടുത്ത് റോഡ് നിർമ്മിക്കാനാകില്ല. സ്ഥലം നഗരസഭ ഏറ്റെടുത്ത് നൽകണം. ഇതിനായി നഗരസഭ നടപടി തുടങ്ങിയെങ്കിലും ഫണ്ടിന്റെ അപര്യാപ്ത വിഘാതമായി. ഇപ്പോഴും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിൽ ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിട നിർമ്മാണം പുരോഗതിയിലാണ്. ഇവിടേക്കുള്ള വലിയ വാഹനങ്ങളടക്കം ഈ മൺപാത വഴിയാണ് എത്തുന്നത്. മൺപാതയുടെ ഇരുവശത്തും പുതിയ കെട്ടിടങ്ങൾ ഉയരുന്നുമുണ്ട്.
ഐ.എം.എ ബൈപ്പാസിൽ നിന്നുള്ള റോഡ് പദ്ധതി നിലവിൽ ജില്ലാ ആശുപത്രി വരെയാണുള്ളത്. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയുടെ തെക്കുവശത്തുള്ള റോഡിലേക്ക് ഇതിനെ ബന്ധിപ്പിച്ചാൽ ഐ.എം.എ ജംഗ്ഷൻ- കോട്ടമൈതാനം റോഡിന് സമാന്തര പാതയാകും. സ്ഥലമേറ്റെടുക്കാൻ തുക അനുവദിക്കാത്തതാണ് പദ്ധതിക്ക് തടസം. വർഷങ്ങളായി ഇക്കാര്യം നഗരസഭയിലടക്കം ഉന്നയിച്ചു വരികയാണ്.
-അനുപമ പ്രശോഭ്, കൗൺസിലർ.