waste

പാലക്കാട്: നഗരസഭയുടെ കൂട്ട് പാതയിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യാൻ ബയോമൈനിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായി അന്തിമ ഡ്രോൺ സർവ്വേ നടത്തി. ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിന് ഭാഗമായാണ് മാലിന്യത്തിന്റെ അളവ് സംബന്ധിച്ച് അന്തിമ സർവ്വേ നടത്തിയത്. ഇതിനു മുമ്പ് വിവിധ ഘട്ടങ്ങളിൽ മൂന്ന് തവണ സർവ്വേ നടത്തിയിരുന്നു.

ലോക ബാങ്കിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന കേരളഖരമാലിന്യ പരിപാലന പദ്ധതികളിൽ ഒന്നാണ് ലഗസി വേസ്റ്റ് റെമഡിയേഷൻ. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബയോ മൈനിംഗ് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥയും നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെയും കേന്ദ്രസംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡുകളുടെയും നോട്ടിഫിക്കേഷൻ എന്നിവ ചൂണ്ടിക്കാണിച്ച് പാലക്കാട് നഗരസഭ ആദ്യഘട്ടപദ്ധതിയിൽ ബയോമൈനിംഗ് ഉൾപ്പെടുത്തുന്നതിന് സമ്മർദ്ദം ചെലുത്തിയിരുന്നു. അതിന്റെ ഭാഗമായി ഈ പദ്ധതിയിലേക്ക് ബയോ മൈനിംഗും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 15 കോടി രൂപ വകയിരുത്തുകയും ആ പ്രവർത്തിയുടെ വിവിധ പഠനങ്ങൾ പൂർത്തിയായതിനുശേഷം വിശദ പദ്ധതി രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.

അതിന്റെ സാങ്കേതിക അനുമതി ഈ മാസം 26ന് ലഭിക്കും. ശേഷം ഈ മാസം മുപ്പതോടുകൂടി ടെൻഡർ നടപടികളിലേക്ക് കടക്കും. ടെൻഡർ സ്വീകരിച്ച് അംഗീകരിച്ചു കഴിഞ്ഞാൽ മാലിന്യം നീക്കുന്ന പ്രവർത്തനം ഒരു മാസത്തിനകം ആരംഭിക്കും. 78000 മീറ്റർ മാലിന്യമുള്ളതായിട്ടാണ് എൻ.ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ടിലുള്ളത്. നിലവിൽ കെ.എസ്.ഡബ്ല്യു.എം.പി ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളിൽ ഏറ്റവും വലുതാണ് പാലക്കാട് നഗരസഭയുടേത്.

പതിറ്റാണ്ടുകളായി നഗരസഭ ഗ്രൗണ്ടിൽ നിക്ഷേപിക്കപ്പെട്ടിരുന്ന മാലിന്യമലക്കാണ് ഇതോടെ മോക്ഷം ലഭിക്കുന്നത്. ഓരോ വേനലിലും തീ പിടിക്കാതിരിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിച്ചു വരുന്നുണ്ട്. എങ്കിലും എല്ലാ മുൻകരുതലും മറികടന്നുകൊണ്ട് പലപ്പോഴും അവിടെ തീപിടുത്തം ഉണ്ടാവാറുണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരമാവുന്നതാണ് ഈ പദ്ധതി.

കാലങ്ങളായി പാലക്കാട് നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് അവിടെ നിന്നും മാറ്റാതെ കൂട്ടി ഇട്ടതുകൊണ്ടാണ് ഈ അവസ്ഥ അവിടെ സംജാതമായത്. എന്നാൽ നിലവിൽ അന്നന്ന് എത്തുന്ന മാലിന്യങ്ങൾ ഒരാഴ്ചകം തന്നെ നഗരസഭ തരം തിരിച്ച് ക്ലീൻ കേരള കമ്പനി മുഖാന്തിരം അവിടെനിന്നും നീക്കം ചെയ്ത് വരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് പാലക്കാട് നഗരസഭ ഇത്തരത്തിൽ മാലിന്യം നീക്കുന്നതിനു ക്ലീൻ കേരള കമ്പനിക്കായി നൽകിവരുന്നത്. നേരത്തെ ഇതിന്റെ ഭാഗമായി ഭൂതല സാങ്കേതിക പഠനങ്ങൾക്കുള്ള യന്ത്രങ്ങൾ ട്രെഞ്ചിങ് ഗ്രൗണ്ടിൽ സ്ഥാപിച്ചു പഠനങ്ങൾ നടത്തിയിരുന്നു. ബയോ മൈനിംഗ് നടപ്പിലാക്കുന്ന സ്ഥലത്തെ ശബ്ദ, വായു, ജല മലിനീകരണത്തെ കുറിച്ചും, അവിടുത്തെ മാലിന്യതിന്റെ ഫിസിക്കൽ അനാലിസിസ് ചെയ്യുന്നതിനായി ഗ്രൗണ്ട് ന്റെ നാല് ഭാഗത്ത് നിന്നും സാമ്പിൾ ശേഖരിച്ചും വിദഗ്ദ സമിതി പഠനം നടത്തിയിരുന്നു.