minister

ചിറ്റൂർ: കഴിഞ്ഞദിവസം ചിറ്റൂർ ബോയ്സ് ഹൈസ്‌കൂളിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മണികണ്ഠന്റെ വീട് മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിച്ചു. നല്ലേപ്പിള്ളി മരുതമ്പള്ളത്ത് ഓലക്കുടിലിലാണ് മണികണ്ഠൻ കുടുംബ സമ്മേതം താമസിച്ചത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് മീൻ കച്ചവടം ചെയ്യുന്നത്. മറ്റുള്ള ദിവസങ്ങളിൽ മറ്റു കൂലിവേല ചെയ്താണ് മണികണ്ഠൻ കുടുംബം നോക്കിയിരുന്നത്. സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിവച്ചാണ് മണികണ്ഠൻ യാത്രയായത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പുതുനഗരം മാർക്കറ്റിൽ നിന്നും മീനുമായി നല്ലേപ്പിള്ളിഭാഗത്തേക്കു വരുകയായിരുന്ന മണികണ്ഠന്റെ ഇരുചക്ര വാഹനത്തിൽ എതിരെവന്ന നിയന്ത്രണംവിട്ട കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ മണികണ്ഠന്റെ ശിരസ് അറ്റുതെറിച്ചു. ഇരുചക്രവാഹനം കത്തിക്കരിയുകയും ചെയ്തിരുന്നു. മണികണ്ഠന്റെ കുടുംബത്തിന് സർക്കാറിൽ നിന്നും സാദ്ധ്യമായ പരമാവധി സഹായങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു.