പട്ടാമ്പി: പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും രഹസ്യധാരണയിലാണെന്ന് കെ.മുരളീധരൻ എം.പി. യു.ഡി.എഫ് മണ്ഡലം കമ്മറ്റി വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഇല്ലാതാകണമെങ്കിൽ ബി.ജെ.പി.ക്ക് സി.പി.എം സഹായം വേണം. ബി.ജെ.പി.ക്കെതിരെ പിണറായി വിജയന്റെ പൊലീസ് നിശബ്ദമാകുന്നതുപോലെ തന്നെ പിണറായിക്കെതിരെ കേന്ദ്ര ഏജൻസികളും വിവിധ കേസുകളിൽ അന്വേഷണം നടത്തുന്നില്ല. ലാവ്‌ലിൻ അടക്കം നിരവധി അഴിമതി കേസുകളിൽ പിണറായിയെ ബി.ജെ.പി സംരക്ഷിക്കുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയാകേണ്ട കുഴൽപ്പണ കേസിൽ പിണറായി തിരിച്ചും സംരക്ഷണം നൽകുന്നു.
പിണറായിയും കുടുംബവും നടത്തിയ കൊള്ളയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് നവകേരള സദസെന്ന പേരിൽ സർക്കാർ സംവിധാനം മുഴുവൻ ദുരുപയോഗം ചെയ്ത് ധൂർത്ത് യാത്ര നടത്തിയത്. ഇതുകൊണ്ട് സാധാരണക്കാർക്ക് ഒരു പ്രയോജനവും ലഭിച്ചില്ല.
സംസ്ഥാനത്ത് തൊഴിൽ ചെയ്തവർക്ക് ശമ്പളം കിട്ടാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രിയും ഗവർണറും കേരളത്തിന്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ എം.എൽ എ കെ.എൻ.എ.ഖാദർ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.പി.വാപ്പുട്ടി അദ്ധ്യക്ഷനായി. വി.കെ.ശ്രീകണ്ഠൻ എം.പി, ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ, ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ.കരീം, സി.വി.ബാലചന്ദ്രൻ, സി.പി.മുഹമ്മദ്, പി.ബാലഗോപാൽ, മരയ്ക്കാർ മാരായമംഗലം, ജിതേഷ് മോഴിക്കുന്നം, കമ്മുക്കുട്ടി എടത്തോൾ, കെ.ആർ.നാരായണസ്വാമി, പി.കെ.ഉണ്ണിക്കൃഷ്ണൻ, വി.എം.മുഹമ്മദാലി, കെ.ടി.എ.ജബ്ബാർ, സി.എ.സാജിദ്, ഇ.മുസ്തഫ, എം.രാധാകൃഷ്ണൻ, അഡ്വ.പി.രാമദാസ്, എം.സി.ഷെരീഫ്, രാജേന്ദ്രൻ നായർ, പി.കലാധരൻ, ബ്ലോക്ക് പ്രസിഡന്റ് ഗീത മണികണ്ഠൻ, കെ.കെ.എ.അസീസ്, എം.സി.അസീസ്, ഇ.കെ.ഷാജി, ഇ.ടി.ഉമ്മർ, ടി.പി.ഉസ്മാൻ എന്നിവർ സംസാരിച്ചു.