ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ചള്ള പാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ മലപ്പുറത്ത് നിന്ന് തമിഴ്നാട്ടിലേക്ക് സിമന്റ് കയറ്റാൻ പോയ ലോറിയും കൊടൈക്കനാലിൽ നിന്ന് തൃശൂരിലേക്ക് പോയ കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവർക്കാണ് പരിക്ക്.
സംഭവത്തിൽ റോഡരികിലുണ്ടായിരുന്ന എച്ച്.ടി വൈദ്യുതി തൂൺ തകർന്നു. ഇതോടെ കൊഴിഞ്ഞാമ്പാറയിലെ വിവിധ ഭാഗങ്ങളിൽ ഉച്ച വരെ വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഉച്ചയ്ക്ക് ഒന്നോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.