പാലക്കാട്: വീണ്ടുമൊരു പുതുവത്സരക്കാലം, സന്ദർശകരെ വരവേൽക്കാനൊരുങ്ങി നെല്ലറ. ഓണം, വിഷു, പെരുന്നാൾ പോലെ സന്ദർശകരെത്തുന്ന മറ്റൊരു സീസണാണ് പുതുവത്സരക്കാലം.
ജില്ലയിൽ കൂടുതലായി സന്ദർശകരെത്തുന്നതും വരുമാന വർദ്ധനയുണ്ടാകുന്നതുമായ ഉദ്യാനമാണ് മലമ്പുഴ. കിലോമീറ്ററോളം പരന്നുകിടക്കുന്ന ജലാശയവും അതിന്റെ കവാടത്തിലെ ഉദ്യാനവും ഏവരുടെയും മനം കുളിർപ്പിക്കും. ഇതിനു പുറമെ കാഞ്ഞിരപ്പുഴ, നെല്ലിയാമ്പതി, പോത്തുണ്ടി, മംഗലം എന്നിവിടങ്ങളിലും ആഘോഷ സീസണിൽ കൂടുതൽ സന്ദർശകരെത്തുന്നുണ്ട്.
മലമ്പുഴ ഉദ്യാനത്തിന് പുറമെ സമീപത്തുള്ള മറൈൻ അക്വേറിയം, റോപ്പ് വേ, സ്‌നേക് പാർക്ക്, റോക്ക് ഗാർഡൻ എന്നിവയിലും തൊട്ടടുത്തുള്ള സ്വകാര്യ അമ്യൂസ്‌മെന്റ് പാർക്കിലും ധാരാളം ആളുകളെത്തും. അയൽ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നൂറുക്കണക്കിന് സന്ദർശകരാണ് മലമ്പുഴയിലെത്തുന്നത്. ആറ് പതിറ്റാണ്ട് പിന്നിടുന്ന കേരളത്തിന്റെ വൃന്ദാവനമെന്നറിയപ്പെടുന്ന മലമ്പുഴ പുതുവത്സരക്കാലത്തെ വരവേൽക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.
നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വൻതിരക്ക്
നെല്ലിയാമ്പതി: അവധി ആഘോഷങ്ങൾക്കായി നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും സഞ്ചാരികൾ ഒഴുകിയെത്തി. ക്രിസ്മസിനോടനുബന്ധിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 13,000ത്തിലധികം പേരാണ് നെല്ലിയാമ്പതി ചുരം കയറിയത്. രണ്ടു ദിവസങ്ങളിലായി 2500 വാഹനങ്ങളാണ് വനംവകുപ്പിന്റെ പോത്തുണ്ടിയിലെ ചെക്‌പോസ്റ്റിലൂടെ കടന്നുപോയി.
സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതിനാൽ ചുരം പാതയിലുൾപ്പെടെ മിക്ക ഭാഗങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സീതാർകുണ്ട്, കേശവൻപാറ, കാരപ്പാറ തുടങ്ങിയ പോയിന്റുകൾ സഞ്ചാരികളെക്കൊണ്ടു നിറഞ്ഞു.
കോടമഞ്ഞും വൈകിട്ടുള്ള തണുത്ത കാലാവസ്ഥയും ആസ്വദിക്കാനായി അയൽ ജില്ലകളിൽ നിന്നുൾപ്പെടെയുള്ളവരാണ് നെല്ലിയാമ്പതിയിലെത്തുന്നത്. വൈകിട്ട് മൂന്നിന് ശേഷം നെല്ലിയാമ്പതിയലേക്ക് പ്രവേശനമില്ലാത്തതിനാൽ നിരവധി പേർ തിരിച്ചുപോയി. പോത്തുണ്ടി ഉദ്യാനത്തിലും സാഹസിക ടൂറിസം പദ്ധതിയിലും നല്ല തിരക്കനുഭവപ്പെട്ടു. ക്രിസ്മസ് ദിവസം മാത്രം 3,458 പേരാണ് ഉദ്യാനത്തിലെത്തിയത്. ഇതുവഴി 61,215 രൂപയുടെ വരുമാനം ലഭിച്ചു.
ബുക്കിംഗ് പൂർത്തിയായി
പുലയമ്പാറയിൽ നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മിന്നാംപാറ, കാരാഗ്ലൂരി ട്രെക്കിംഗിനും നല്ല തിരക്കാണ്. ദിവസങ്ങൾക്ക് മുമ്പേ നെല്ലിയാമ്പതിയിലെ റിസോർട്ടുകൾ ഉൾപ്പെടെയുള്ള താമസ സ്ഥലങ്ങളിൽ മുഴുവൻ ബുക്കിംഗ് പൂർത്തിയായി. വനം വികസന കോർപ്പറേഷന് കീഴിലുള്ള പകുതിപ്പാലം റിസോർട്ടിൽ ജനുവരി പത്തുവരെ ബുക്കിംഗ് പൂർത്തിയായി.