law

മണ്ണാർക്കാട്: മകൾ മരിച്ച കേസിൽ 15 വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി. നീതിതേടി പ്ലക്കാർഡുമായി സഹായം വേണമെന്നഭ്യർത്ഥിച്ച് കോടതി പരിസരത്തെത്തി പിതാവും സഹോദരങ്ങളും മരിച്ച യുവതിയുടെ മകളും. 14 വർഷം മുമ്പ് കല്ലടിക്കോട് പാലക്കൽ ഫെമിന വധത്തിലാണ് നീതി തേടി കുടുംബം കോടതിയിലെത്തിയത്.

സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും ആത്മഹത്യാ കേസായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. പിതാവ് മേലാറ്റൂർ കളത്തിൽ വീട്ടിൽ മുഹമ്മദലി ഹാജി, സഹോദരങ്ങളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫഹദ്, ഫെമിനയുടെ പതിനഞ്ചുകാരിയായ മകൾ എന്നിവരാണ് പ്ലക്കാർഡുമായെത്തിയത്.

2007ലാണ് കല്ലടിക്കോട് പാലക്കൽ വീട്ടിൽ അസ്കർ അലിയുമായി ഫെമിനയുടെ വിവാഹം കഴിഞ്ഞത്. 2009 നവംബർ 17ന് കല്ലടിക്കോട്ടെ വീടിന്റെ മുകൾ നിലയിലുള്ള കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടതായി ഭർത്തൃവീട്ടുകാർ അറിയിക്കുകയായിരുന്നു. ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും രാസപരിശോധനാ ഫലം വൈകിയതിനാൽ അന്തിമമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിരുന്നില്ല. പ്രാഥമിക റിപ്പോർട്ടിന്മേലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് കേസ്.

മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഷൊർണൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ഫെമിനയുടെ കുടുംബം 2010ൽ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 2012ൽ ലഭിച്ച അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഫെമിനയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഫെമിന തൂങ്ങി മരിച്ചതല്ലെന്നും സയനൈഡ് നൽകിയ ശേഷം കെട്ടിത്തൂക്കിയതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കേസിലെ പ്രതികൾക്കെതിരേ കൊലപാതക കുറ്റത്തിനും കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസിൽ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ച കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന വിവരവും ലഭിച്ചിരുന്നു. മണ്ണാർക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. എന്നാൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചില്ല.