eco-shop

അഗളി: അട്ടപ്പാടിയിലെ പ്രാക്തനഗോത്ര വിഭാഗത്തിൽപ്പെട്ട കുറുംബരുടെ ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കി അട്ടപ്പാടിയിൽ തേൻ സംസ്‌കരണ യൂണിറ്റും ഇക്കോഷോപ്പും പ്രവർത്തനമാരംഭിച്ചു. ഐ.ടി.ഡി.പിയുടെ നേതൃത്വത്തിൽ 16,50,000 രൂപ ചെലവഴിച്ചാണ് ചിണ്ടക്കിയിൽ തേൻ സംസ്‌കരണശാലയും ഗോഡൗണും സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 100 കിലോ തേൻ സംസ്‌കരിക്കാൻ സംസ്‌കരണശാലയിലൂടെ കഴിയും. തേനിലെ ജലാംശം, മെഴുക് എന്നിവ മാറ്റിയാണ് സംസ്‌കരണശാലയിലൂടെ തേൻ വിപണിയിൽ എത്തുന്നത്. നിലവിൽ 150 ഗ്രാം, 350 ഗ്രാം, 450 ഗ്രാം, 650 ഗ്രാം എന്നീ അളവുകളിൽ കുപ്പിയിൽ നിറച്ചാണ് വിൽപ്പന നടത്തുന്നത്.
കുറുംബ ഗിരിജൻ കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തേൻ ഉൾപ്പടെയുള്ള തനത് ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനായി മുക്കാലിയിൽ കുറുംബാസ് ഇക്കോ ആൻഡ് ഓർഗാനിക് ഷോപ്പും പ്രവർത്തനം ആരംഭിച്ചു. കാട്ടിൽ നിന്നും ശേഖരിക്കുന്ന വനവിഭവങ്ങൾ സംസ്‌കരിച്ച് നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കുക ലക്ഷ്യമിട്ടാണ് ഷോപ്പ് ആരംഭിച്ചത്. സൊസൈറ്റിയിലെ അംഗങ്ങൾ കാട്ടിൽനിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. കാട്ടുതേൻ, റാഗി, ചാമ, കാട്ടു കുന്തിരിക്കം, ചീനിക്കാ പൊടി, അട്ടപ്പാടി കടുക്, കുരുമുളക് തുടങ്ങിയ ഉത്പന്നങ്ങൾ ഷോപ്പിലൂടെ ലഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് ആറ് വരെ ഇക്കോഷോപ്പ് പ്രവർത്തിക്കും. ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 04924 293408, 9605304318 എന്ന നമ്പറിൽ ബന്ധപ്പെടാം.