kodu
കൊടുവായൂർ രഥോത്സവത്തോടനുബന്ധിച്ചുള്ള ആദ്രദർശനം എഴുന്നള്ളത്ത്‌.

കൊല്ലങ്കോട്: കൊടുവായൂർ രഥോത്സവത്തോടനുബന്ധിച്ച് കേരളപുരം അഗ്രഹാര ക്ഷേത്രസന്നിധിയിൽ ആർദ്രദർശനം തൊഴുതുവണങ്ങാൻ ആയിരങ്ങളെത്തി.

തിരുവാതിര നാളിൽ പുലർച്ചെ ഒന്നിന് വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിൽ ചടങ്ങുകൾക്ക് തുടക്കമായി. 11 ഉരു രുദ്രജപത്തോടെ പൂർണ്ണാഭിഷേകം,​ ഉപനിഷത്ത് പാരായണം,​ വിശേഷാൽ ദീപാരാധന,​ ദേവ വിഗ്രഹത്തെ പല്ലക്കിലേറ്റി ക്ഷേത്ര പ്രദിക്ഷണം എന്നിവയ്ക്ക് ശേഷം രഥാരോഹണം നടന്നു. ദേവതകളെ ഒരു നോക്ക് കണ്ട് ദർശന സായൂജ്യം നേടാനായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. തിരുമഞ്ജനത്തിന് ശേഷം ഗ്രാമ വീഥികളിലൂടെ ഒന്നാം രഥപ്രയാണം നടത്തി.

ഇന്ന് രണ്ടാം തേര്
രഥപ്രയാണത്തിന്റെ ഭാഗമായുള്ള രണ്ടാംതേര് ഇന്ന് ഗോകുലത്തെരുവിൽ നിന്നാരംഭിക്കും. മൊക്ക് തെരുവ് (കോർണർ സ്ട്രീറ്റ്),​ ഇരട്ടത്തെരുവ് (ഡബിൾ സ്ട്രീറ്റ്) എന്നിവയിലൂടെ ഇട്ടിൽ പാതയിൽ എത്തും. രാത്രി ഏഴോടെ മൂന്ന് ദേവരഥങ്ങളും സംഗമിച്ച് ക്ഷേത്രത്തിലേക്ക് പ്രയാണമാരംഭിക്കും. എട്ടരയോടെ ദേവരഥങ്ങൾ ക്ഷേത്രത്തിലെത്തും. പുലർച്ചെ 2.30ന് പല്ലക്ക് കച്ചേരിയും നാലിന് കുളത്തേരും കരിമരുന്ന് പ്രയോഗവും തുടർന്ന് മൗനവ്രതവും നടക്കും. നാളെ രാവിലെ മഞ്ഞൾ നീരാട്ടും രാത്രി എട്ടിന് ധ്വജാവരോഹണം,​ മഹാഭിഷേകം,​ ദീപാരാധന എന്നിവ നടക്കും. തുടർന്ന് പ്രസാദ വിതരണത്തോടെ രഥോത്സവം സമാപിക്കും.